മലപ്പുറം: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും സാമൂഹിക പങ്കാളിത്ത കുറവും കാരണം പാലിയേറ്റിവ് കെയർ പ്രസ്ഥാനം നിലച്ചുപോവരുത് എന്ന സന്ദേശമുയർത്തി ജനുവരി 15 പാലിയേറ്റിവ് കെയർദിനമായി ആചരിക്കുന്നു. ലോകം മഹാമാരിക്കു മുന്നിൽ പകച്ച് നിന്നപ്പോഴും ആശുപത്രികളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും ഒരു ദിവസം പോലും സേവനം നിർത്തിവെക്കാതെ കരുണയും സ്നേഹവും സഹാനുഭൂതിയും ഊർജമാക്കി പ്രവർത്തിച്ചവരാണ് പാലിയേറ്റിവ് കെയർ വളൻറിയർമാരും നഴ്സുമാരും ഡോക്ടർമാരും. ഇവരെ സംബന്ധിച്ച് മഹാമാരി ഉയർത്തിയ ഭീഷണി സേവന സന്നദ്ധതയും കർത്തവ്യബോധവും കൂട്ടിയിട്ടേയുള്ളൂ.
ജില്ലയിലെ പല പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് കീഴിലും 500 രോഗികളെ വരെ പരിചരിക്കുന്നുണ്ട്. അർബുദബാധിതർക്കാണ് പ്രഥമ പരിഗണനയെങ്കിലും കിടപ്പിലായവർ, വൃക്ക, പ്രമേഹ, ശ്വാസതടസ്സ പ്രശ്നങ്ങളുള്ളവർ, നോക്കാനാളില്ലാത്തവർ തുടങ്ങി വിവിധ തരത്തിൽ ആതുരസേവനം. അർബുദ, വൃക്ക, ഹൃദ്രോഗബാധിതരുള്ള കുടുംബം സാമ്പത്തികമായും മാനസികമായും തകരുകയും തളരുകയും ചെയ്യുന്നുണ്ട്. ഇവിടെയാണ് പാലിയേറ്റിവ് കെയർ പ്രസക്തമാവുന്നത്. മുറിവ് കെട്ടാൻ മാത്രം 1,000 രൂപയിലധികം ചെലവ് വരുന്ന കാലത്ത് എല്ലാ കാര്യങ്ങളും വീട്ടിെലത്തി നിർവഹിക്കുകയാണ് ഹോം കെയർ യൂനിറ്റുകൾ.
പുഴുവരിക്കുന്ന അവസ്ഥയിൽവരെ കഴിയുന്നവരെ കുളിപ്പിച്ചും പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സഹായിച്ചും മരുന്നും മറ്റു പരിചരണവും നൽകിയും ഡോക്ടർമാരും നഴ്സുമാരും വളൻറിയർമാരും സേവനമനുഷ്ടിക്കുകയാണ്. രോഗികൾക്ക് നഖം വെട്ടിക്കൊടുത്തും പല്ലുതേച്ചും മുടി ചീകിക്കൊടുത്തും വീടും പരിസരവും വൃത്തിയാക്കിയും കുടുംബാംഗങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ പരിചരണരീതികള്‍ പഠിപ്പിച്ചും മുന്നോട്ട് പോവുന്നു.
കട്ടിൽ, എയർ ബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ, വീൽചെയർ, മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയലൈസറും പ്രതിമാസം 2000 രൂപ സാമ്പത്തിക സഹായവും നൽകുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ആവശ്യത്തിന് അനുസരിച്ച് എത്തിക്കാറുമുണ്ട്.
പാലിയേറ്റിവ് ക്ലിനിക്കുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വളൻറിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാണ്. മലപ്പുറം ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (എം.ഐ.പി) സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ രണ്ട് മേഖലകളിലായി ആകെ 91 പാലിയേറ്റിവ് ക്ലിനിക്കുകളാണ് ജില്ലയിലുള്ളത്. ആകെ 15 ഡോക്ടർമാരും 220 നഴ്സുമാരും. ചെറിയ ക്ലിനിക്കിൽ 20നടുത്തും വലുതിൽ 50 വരെയും വളൻറിയർമാർ. ജില്ലയിൽ പ്രതിവർഷം 18 കോടി രൂപ വരെ ചെലവാകും.
ജനുവരി 15ന് പാലിയേറ്റിവ് കെയർ ദിനത്തിൽ നടക്കുന്ന പിരിവ് വഴിയും റമദാൻ മാസം ലഭിക്കുന്ന സഹായത്തിലൂടെയുമാണ് പണം കണ്ടെത്തുന്നത്. മുന്നോട്ട് പോക്കിന് ഉദാരമതികളുടെ പിന്തുണ കൂടിയേ തീരൂവെന്ന് പാലിയേറ്റിവ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.പാലിയേറ്റിവ് കെയർ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിഭവസമാഹരണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.