മലപ്പുറം: മഞ്ചേരി പയ്യനാട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത് ഒരേസമയം 50,000 പേർക്ക് കളികാണാൻ കഴിയുന്ന സ്റ്റേഡിയം. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ പ്രാഥമിക ഫീൽഡ് സർവേ പ്രകാരമാണിത്. ഫിഫയുടെ എല്ല മാനദണ്ഡങ്ങളും പാലിച്ചായിരിക്കും നിർമാണം. പുൽത്തകിടി, ഘടന, വെള്ളം ഒഴിഞ്ഞുപോകുന്നതിനുള്ള സംവിധാനം, ടീമുകൾക്കുള്ള ഡ്രസ്സിങ് റൂം, മൈതാനത്തിന്റെ വലിപ്പം, കാണികളുടെ ഇരിപ്പിടം, സുരക്ഷ ക്രമീകരണങ്ങൾ, പാർക്കിങ് അടക്കം അന്താരാഷ്ട്ര മൈതാനത്തിന്റെ നിലവാരമുണ്ടാകും. റെക്റ്റാംഗുലർ (ചതുരാകൃതി) മാതൃകയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലം നിലവിൽ പയ്യനാട് ലഭ്യമാണെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പദ്ധതിക്ക് അനുമതി ലഭിക്കുകയാണെങ്കിൽ നിലവിലെ മൈതാനം പരിശീലനത്തിന് വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം.
നിലവിലുള്ള മൈതാനം സൗകര്യങ്ങൾ പുതുക്കി നിർമിക്കാനായിരുന്നു ആദ്യഘട്ടത്തിൽ അധികൃതർ തീരുമാനിച്ചിരുന്നത്. 2022 മേയ് രണ്ടിന് കേരളം-ബംഗാള്‍ ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ കൂടുതൽ ആളുകൾ വരികയും സ്റ്റേഡിയത്തിൽ സ്ഥമില്ലാതാവുകയും ചെയ്തതോടെയാണ് സൗകര്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2023 ഏപ്രിൽ-മേയ് മാസങ്ങളിൽ പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് വന്ന നിർദേശപ്രകാരം പുതിയ സ്റ്റേഡിയം നിർമിക്കാമെന്ന് തീരുമാനിക്കുകയും ഒക്ടോബർ-നവംബർ മാസങ്ങളിലായി ഫീൽഡ് പരിശോധന പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ സമർപ്പിക്കുകയും ചെയ്തു. ഡിസംബർ പകുതിയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാന് മുന്നിൽ പദ്ധതിയുടെ വിശദ വിവരങ്ങൾ തിരുവനന്തപുരത്ത് വെച്ച് അവതരിപ്പിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കായിക വകുപ്പിന്റെ തീരുമാനം. 75 കോടിയോളം രൂപയാണ് പദ്ധതി ചെലവ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നിർമിക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.