മലപ്പുറം: പോരാട്ടചിത്രം തെളിഞ്ഞ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിൽ വോട്ടുറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ. റമദാൻ വ്രതം അടുത്തുവരുന്നതിനാൽ കൺവെൻഷനുകൾ വേഗത്തിൽ പൂർത്തിയാക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും പദ്ധതി തയാറാക്കുന്നത്.
ഇടതുമുന്നണിയുടെ മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ മാർച്ച് ഒമ്പതിന് നടക്കും. പൊന്നാനി കൺവെൻഷൻ കുറ്റിപ്പുറത്തും മലപ്പുറം കൺവെൻഷൻ മലപ്പുറം നഗരത്തിലും നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനുകളിൽ 5000പേർ പങ്കെടുക്കും. തുടർന്നുള്ള മൂന്നുദിവസങ്ങളിൽ അസംബ്ലി മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കും.
തുടർന്ന് പഞ്ചായത്ത്, ബൂത്ത് കൺവെഷനുകളും ബൂത്ത് കമ്മിറ്റി രൂപവത്കരണവും നടക്കും. തുടർന്ന് സ്ഥാനാർഥി പര്യടനത്തിലേക്കും കുടുംബയോഗങ്ങളിലേക്കും കടക്കും. കൺവെൻഷന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ വിളിച്ചുചേർത്തിട്ടുണ്ട്. കൺവെൻഷനുകൾ പൂർത്തിയാകുന്നതുവരെ സ്ഥാനാർഥികൾ റോഡ്ഷോ, സ്ഥാപനങ്ങൾ, പ്രധാന വ്യക്തികളെ സന്ദർശിക്കൽ എന്നിവ തുടരും.
യു.ഡി.എഫ് പൊന്നാനി, മലപ്പുറം പാർലമെന്റ് കൺവെൻഷനുകളുടെ തീയതി അടുത്ത ദിവസം പ്രഖ്യാപിക്കും. ഒരാഴ്ചക്കുള്ളിൽ പാർലമെന്റ് കൺവെൻഷനുകൾ പൂർത്തിയാക്കി അസംബ്ലി മണ്ഡലം, കൺവെൻഷനുകളിലേക്ക് കടക്കും. നോമ്പിന് മുമ്പ് കൺവെൻഷൻ പൂർത്തിയാക്കാനാണ് പദ്ധതി.
അതുവരെ സ്ഥാനാർഥികളുടെ റോഡ്ഷോയും സന്ദർശനങ്ങളും തുടരും. മാർച്ച് അഞ്ചിന് ലീഗിന്റെ കുടുംബസദസ്സുകൾക്ക് തുടക്കമാവും. ഒരു വാർഡിൽ ചുരുങ്ങിയത് അഞ്ച് കുടുംബസദസ്സുകളെങ്കിലും സംഘടിപ്പിക്കാനാണ് പദ്ധതി. കൺവെൻഷനുശേഷം സ്ഥാനാർഥി പര്യാടനങ്ങൾക്ക് തുടക്കമാവും.
മലപ്പുറം: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊന്നാനി, മലപ്പുറം പാർലമെന്റ് മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് ഭാരവാഹികളുടേയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.എം.എ. സലാം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ. എ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.