കൊണ്ടോട്ടി: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും ചികിത്സക്കും പരിശീലനത്തിനും പുനരധിവാസത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന് അനാസ്ഥ. ശ്രവണ വൈകല്യം, സംസാര വൈകല്യം, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, പഠന വൈകല്യം എന്നിവ നേരിടുന്ന 600ലധികം വിദ്യാര്‍ഥികളാണ് ജില്ലയിലെ ഓരോ വിദ്യാഭ്യാസ ഉപജില്ലകളിലും പൊതുമേഖല വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. ഇവര്‍ക്കായി ഉപജില്ലാടിസ്ഥാനത്തില്‍ ഫിസിയോതെറപ്പി ഉള്‍പ്പെടെ പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ ഇടപെടല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നില്ല.
മഞ്ചേരി ഉപജില്ലയില്‍ ബി.ആര്.സിയോട് ചേര്‍ന്നു മാത്രമാണ് ഭിന്നശേഷി വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള ഏക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഫിസിയോ തെറപ്പി, കേള്‍വി സംബന്ധമായ വെല്ലുവിളി നേരിടുന്ന വിദ്യാർഥികള്‍ക്കുള്ള ബ്രെയിന്‍ സ്റ്റെം ഇവോക്ക്ഡ് റെസ്പോണ്‍സ് അസസ്മെന്റ് (ബെറാ) എന്ന കേള്‍വി പരിശോധന സംവിധാനം, കേള്‍വി പരിശോധനയ്ക്കുള്ള പിടിഎ, ഇമ്മിറ്റന്സ് ഓഡിയോമെട്രി, എ.ഒ.ഇ തുടങ്ങിയ പരിശോധനകള്‍ നടക്കുന്നുണ്ട്.
ഒപ്പം സംസാര വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സ്പീച്ച് തെറപ്പി തുടങ്ങിയ സേവനങ്ങള്‍ക്കായാണ് പ്രത്യേക അക്വാസ്റ്റിക് സെന്റര്‍ ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനവും നാമമാത്രമാണ്. മഞ്ചേരി ഉപജില്ലയിലെ പൊതുമേഖല വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇത്തരം സേവനങ്ങള്‍ ലഭിക്കാന്‍ മഞ്ചേരിയിലെ അക്വാസ്റ്റിക് സെന്റര്‍ മാതൃകയില്‍ എല്ലാ വിദ്യാഭ്യാസ ഉപജില്ലകളിലും പ്രത്യേക കേന്ദ്രം വേണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ബെറാ സംവിധാനം ജില്ലക്കടുത്ത് സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രമാണുള്ളത്.
സ്വകാര്യ ആശുപത്രികളില്‍ ഈ പരിശോധനയുണ്ടെങ്കിലും ഭീമമായ ചെലവ് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് താങ്ങാനാകുന്നില്ല. സംസാര വൈകല്യമുള്ള കുട്ടികള്‍ക്ക് സ്ഥിരമായി നല്‍കേണ്ട പരിശീലനത്തിനും ഓട്ടിസം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഫിസിയോതെറപ്പിക്കും സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിര്‍ധന കുടുംബങ്ങളെ തളര്‍ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.