മലപ്പുറം: പ്ലസ് വൺ സീറ്റ് വിവേചനത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കുംവരെ തെരുവിൽ പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധിച്ച് നടത്തിയ ‘മലപ്പുറം പട’ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കണക്കുമായാണ് ഈ വിഷയത്തെ സർക്കാർ നേരിടുന്നത്. മന്ത്രിയെ യഥാർഥ കണക്ക് പഠിപ്പിച്ചേ വിദ്യാർഥികൾ സമരത്തിൽനിന്ന് പിന്മാറൂ.
അലോട്ട്മെന്റുകളെല്ലാം കഴിഞ്ഞിട്ടും മലപ്പുറത്ത് 32,366 കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല. പ്ലസ് ടു അപേക്ഷകരായ കുട്ടികളോട് ഐ.ടി.ഐയിലെയും പോളി ടെക്നിക്കിലെയും സീറ്റുകളുടെ എണ്ണം പറയുന്ന മന്ത്രിക്ക് വിദ്യാഭ്യാസമേഖലയെ കുറിച്ച് പ്രാഥമിക ധാരണപോലുമില്ല. പ്ലസ് ടു എന്നത് കേരളത്തിനുപുറത്ത് അടിസ്ഥാനയോഗ്യതയാണ്. അത് നേടാൻ അവസരമൊരുക്കാതെ ഐ.ടി.ഐയുടെ കണക്ക് പറയുന്നത് വിവേചനമാണ്.
അൺഎയ്ഡഡ് പ്ലസ് ടുവിൽ പഠിക്കാൻ പറയുന്ന മന്ത്രിയുടെ നിലപാട് ഇടതുപക്ഷ പുരോഗമന സർക്കാറിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കണം. എസ്.എഫ്.ഐക്ക് യഥാർഥ കണക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്. മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നത് മലപ്പുറത്തെ കുട്ടികൾ രണ്ടു തവണ അപേക്ഷിച്ചതുകൊണ്ടാണ് സീറ്റ് കിട്ടാത്തവരുടെ കണക്ക് ഉയർന്നുനിൽക്കുന്നത് എന്നാണ്. ഏക ജാലക സംവിധാനത്തെക്കുറിച്ച് ഈ മന്ത്രിക്ക് അറിയില്ലേയെന്ന് കെ.എ. ശഫീഖ് ചോദിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഒന്നര മണിക്കൂറോളം കലക്ടറേറ്റ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. നഈം ഗഫൂർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, ജനറൽ സെക്രട്ടറി കെ.വി. സഫീർ ഷാ, ട്രഷറർ മുനീബ് കാരകുന്ന് തുടങ്ങിയവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി സാബിറ ശിഹാബ് സ്വാഗതവും ഫായിസ് എലാങ്കോട് നന്ദിയും പറഞ്ഞു. ജംഷീൽ അബൂബക്കർ, കെ.പി. തശ്രീഫ്, സാബിറ ശിഹാബ്, ബാസിത്ത് താനൂർ, വി.ടി.എസ്. ഉമ്മർ തങ്ങൾ, ഫയാസ് ഹബീബ്, നിഷ് ല മമ്പാട്, ഫായിസ് എളങ്ങോട്, എം.ഇ. അൽതാഫ്, അഡ്വ. ഫാത്തിമ റഷ്ന, സാബിഖ് വെട്ടം, സിയാദ് ഇബ്രാഹിം, അഡ്വ. അമീൻ യാസിർ, കെ.പി. ഫലാഹ് അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.
മലപ്പുറം: മലബാറിന്റെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആർ.ഡി.ഡി ഓഫിസർ ഡോ. അനിലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് കെ.എസ്.യു. മലപ്പുറം ഡിവൈ.എസ്.പി നേരിട്ട് വന്നു സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
ആർ.ഡി.ഡി. ഓഫിസറുടെ മുണ്ടുപറമ്പിലെ വസതിക്ക് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്. പ്ലക്കാർഡുയർത്തി മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകരെ പൊലീസ് വീടിന്റെ ഗേറ്റിന് മുന്നിൽ തടഞ്ഞു. കവാടത്തിൽ കുത്തിയിരുന്ന് മുദ്രവാക്യം മുഴക്കിയ സമരക്കാരും പൊലീസും തമ്മിൽ അൽപസമയം വാക്കേറ്റം നടന്നു. ഇതിനിടെ സ്ഥലത്തെത്തിയ മലപ്പുറം ഡിവൈ.എസ്.പി, വസതിക്ക് മുന്നിലുള്ള സമരത്തെ സർക്കാർ ഓഫിസിന് മുന്നിൽ നടക്കുന്ന സമരംപോലെ കാണാനാവില്ലെന്നും കർശന നടപടി ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ സമരം അവസാനിപ്പിക്കാൻ തയാറായില്ല.
ഇതേതുടർന്ന് ഇവരെ ബലമായി അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ്, സംസ്ഥാന കൺവീനർ കെ.കെ.ബി. ആദിൽ, ജില്ല വൈസ് പ്രസിഡന്റുമാരായ റാഷിദ് പുതുപൊന്നാനി, ഷമീർ കാസിം, ജില്ല ജനറൽ സെക്രട്ടറി ഓജസ് സെബാസ്റ്റ്യൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.