മലപ്പുറം: പ്ലസ് വണിന് ജില്ലയിൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ചത് ആശ്വാസമാണെങ്കിലും വിദ്യാർഥികൾ പഠിക്കേണ്ടിവരുക കുത്തിനിറച്ച ക്ലാസ് മുറികളിൽതന്നെ. ജില്ലയിലെ 74 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലായി 120 താൽക്കാലിക ബാച്ചുകളിലായി 59 ഹ്യുമാനിറ്റീസ് ബാച്ചുകളും 61 കോമേഴ്സ് ബാച്ചുകളുമാണ് വരുക. ഇതിൽ ഒരു ബാച്ചിൽ 65 പേർക്ക് പ്രവേശനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ 7800 പേർക്കുകൂടി അവസരം ലഭിക്കും.
എന്നാൽ, ആരംഭിക്കുന്ന ക്ലാസുകളിൽ തിങ്ങിനിറഞ്ഞാവും വിദ്യാർഥികൾക്ക് തുടർപഠനം നടത്തേണ്ടിവരുക. ഒരു ബാച്ചിൽ 50 പേർക്ക് ഒന്നിച്ചിരുന്ന് പഠിക്കുമ്പോൾതന്നെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികൾക്കോ പഠിപ്പിക്കാൻ അധ്യാപകർക്കോ പ്രയാസം നേരിടുന്നുണ്ട്.
ഇതിനിടെ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുമ്പോൾ സാഹചര്യം ഇരട്ടിയാകും. ഓരോ വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിക്കാനും അവരുടെ പഠനമികവ് ഉയർത്തുക എന്ന ലക്ഷ്യവും സാക്ഷാത്കരിക്കാൻ അധ്യാപകർക്ക് വെല്ലുവിളിയാകും. സ്കൂളുകളുടെ ഈ പ്രതിസന്ധി അധികൃതരും കണ്ടില്ലെന്ന് നടിക്കേണ്ടിവരും. സ്കൂളുകളുടെ വിജയനിലവാരത്തെയും വിഷയം ബാധിച്ചേക്കും. നിലവിൽ പ്ലസ് വൺ സപ്ലിമെന്ററി ആദ്യ പ്രവേശന നടപടികൾ പൂർത്തിയായതോടെ ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിലായി ആകെ 58,640 പേർ പ്രവേശനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.