മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ആളിക്കത്തി വിദ്യാർഥി പ്രതിഷേധം. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ദിനത്തിൽ പ്രതിഷേധ വേലിയേറ്റത്തിനാണ് മലപ്പുറം സാക്ഷിയായത്. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ മലപ്പുറത്ത് വിവിധ വിദ്യാർഥി സംഘടനകളാണ് ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്. നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ പത്തിന് എം.എസ്.എഫ് വനിത പ്രവർത്തകരാണ് ആദ്യം സമരം തുടങ്ങിയത്. ആർ.ഡി.ഡി ഓഫിസിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ച എം.എസ്.എഫ് വനിത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഇതിനിടയിൽ കെ.എസ്.യു പ്രവർത്തകരും ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചുകയറി ഉപരോധം തീർത്തു. രാവിലെ 10.45ഓടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധവുമായെത്തി കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിച്ചു. ഉപരോധസമരത്തിൽ പങ്കെടുത്ത വനിതകളുകൾപ്പടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഉച്ചക്ക് 12.30നാണ് എസ്.എഫ്.ഐ കലക്ടറേറ്റ് മാർച്ചുമായി എത്തിയത്. നൂറോളം പ്രവർത്തകരുമായെത്തിയ എസ്.എഫ്.ഐ മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
പ്ലസ് വൺ പഠനത്തിന് മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് എം.എസ്.എഫ് വനിത പ്രവർത്തകരുടെ നേതൃത്വത്തിലാണ് മലപ്പുറം ആർ.ഡി.ഡി ഓഫിസിലെത്തി പ്രതിഷേധം തീർത്തത്.
തിങ്കളാഴ്ച രാവിലെ പത്തിന് ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചു കയറിയ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിശ ബാനു, ഹരിത ജില്ല ചെയർപേഴ്സൻ ടി.പി. ഫിദ, കൺവീനർമാരായ ഷൗഫ കാവുങ്ങൽ, റമീസ ജഹാൻ എന്നിവരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പ്ലസ് വൺ വിഷയത്തിൽ എം.എസ്.എഫ് പ്രഖ്യാപിച്ച തുടർസമരത്തിന്റെ അഞ്ചാം ദിനത്തിലാണ് വനിതകളിറങ്ങി പ്രതിഷേധിച്ചത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അപ്രതീക്ഷിത സമരവുമായാണ് കെ.എസ്.യു പ്രവർത്തകർ ആർ.ഡി.ഡി ഓഫീസിലെത്തിയത്. തൊട്ടുമുമ്പേ പ്രതിഷേധവുമായെത്തിയ എം.എസ്.എഫ് വനിത പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിലേക്ക് തള്ളിക്കയറി ഉപരോധിക്കാൻ ശ്രമിച്ചത്.
ആർ.ഡി.ഡി ഓഫിസ് ഉപരോധത്തിൽ പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ്, സംസ്ഥാന കൺവീനർ കെ.കെ.ബി. ആദിൽ, ജില്ല വൈസ് പ്രസിഡന്റുമാരായ ഷമീർ കാസിം, നിയാസ് കോഡൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലയിൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാതെ സമരത്തിന് വിരാമമില്ലെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ് അറിയിച്ചു. വരുന്ന വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിച്ചാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സമരവുമായെത്തിയത്. രാവിലെ 10.45ന് കുന്നുമ്മലിൽ പെരിന്തൽമണ്ണ റോഡിൽ നിലത്ത് കിടന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വനിത നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയപാത ഉപരോധത്തിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.
സമരത്തിൽ പങ്കെടുത്ത വനിതകളെയുൾപ്പെടെ അറസ്റ്റ് ചെയ്ത് നീക്കി. റോഡ് ഉപരോധത്തിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് നിഷ്ല മമ്പാട്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.കെ. ഹുസ്ന, ഫിദ സഹീർ ജസ, ഫിദ കാളികാവ്, മിൻഹ ചെറുകോട്, ശിഫ, ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ, വണ്ടൂർ മണ്ഡലം ജോയിൻ സെക്രട്ടറി ഷമീം ഫർഹാൻ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വുമൺ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് റജീന, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് നസീറ ബാനു, വുമൺ ജസ്റ്റിസ് പഞ്ചായത്ത് കൺവീനർമാരായ സൈഫുന്നിസ, അത്തിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച മലപ്പുറം പടയെന്ന പേരിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ജില്ല പ്രസിഡൻറ് ജംഷീൽ അബൂബക്കർ ജനറൽ സെക്രട്ടറി സാബിറ ഷിഹാബ് എന്നിവർ പറഞ്ഞു.
പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ എൽ.ഡി.എഫ് സർക്കാറിനെതിരെ എസ്.എഫ്.ഐയും പ്ലസ് വൺ വിഷയത്തിൽ പ്രത്യക്ഷ സമരവുമായെത്തി. ഉച്ചക്ക് 12.30ഓടെ ജൂബിലി റോഡിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് മുക്കാൽ മണിക്കൂറോളം പ്രതിഷേധവുമായി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
സ്കൂൾ വിദ്യാർഥികളടക്കം നൂറോളം പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം, മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയ ബാനറുമായാണ് പ്രവർത്തകർ മാർച്ചിനെത്തിയത്. മാർച്ച് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സൽ ഉദ്ഘാടനം ചെയ്തു. ഭരിക്കുന്നത് സ്വന്തം പാർട്ടിയായാലും അനിവാര്യ സമയങ്ങളിൽ സമരം ചെയ്ത പാരമ്പര്യമുള്ള പാർട്ടിയാണ് എസ്.എഫ്.ഐ എന്നും ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എൻ. ആദിൽ മാർച്ചിനെ അഭിവാദ്യം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ഹരിമോൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ശിഹാബ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി. സ്നേഹ നന്ദിയും പറഞ്ഞു.
തേഞ്ഞിപ്പലം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാതെ യാഥാർഥ്യങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കരുതെന്ന് നാഷനല്‍ യൂത്ത് ലീഗ്. ജില്ലയില്‍ ആവശ്യത്തിന് സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം മലബാര്‍ മേഖലയില്‍ 83,000 ലധികം വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. യു.ഡി.എഫിന്റെയും മുസ്ലിംലീഗിന്റെയും നയങ്ങളുടെ പ്രതിഫലനങ്ങളിലൊന്നാണ് ഇന്ന് മലബാറില്‍ അനുഭവിക്കുന്ന ദുരവസ്ഥ.
എന്നാല്‍ തുടര്‍ഭരണം ലഭിച്ചിട്ടും പ്രശ്നപരിഹാരം സാധ്യമാവാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സ്വാലിഹ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ.പി. റഷീദ് കൊടുവള്ളി, അമീന് മേടപ്പില്‍, സംഷീര്‍ കരുവന്തിരുത്തി, നസ്റുദീന്‍ മജീദ്, കലാം ആലുങ്ങല്‍, ഉനൈസ് തങ്ങള്‍, ബദറുദ്ദീന്‍ ആലപ്പുഴ, റഹ്മത്തുള്ള ആസാദ് പൂന്തുറ, ഷമീര്‍ കണ്ണൂര്‍, ശരീഫ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.