ജെട്ടി നിർമാണം നീളുന്നു; പൊന്നാനി അഴിമുഖത്ത് യാത്രാബോട്ട് അടുക്കാൻ വൈകും

പൊന്നാനി: പൊന്നാനി അഴിമുഖത്ത് യാത്രാബോട്ട് സർവിസ് ആരംഭിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം അനന്തമായി നീളുന്നു. ബോട്ടടുപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും, ജെട്ടി നിർമാണ പ്രവർത്തനങ്ങൾ നീളുന്നതോടെ സർവിസ് എന്നാരംഭിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. പത്ത് ദിവസത്തിനകം ബോട്ട് സർവിസ് ആരംഭിക്കുമെന്നാണ് അധികൃതരുടെ പുതിയ ഉറപ്പ്.

ഇതിനിടെ പഴയ ജങ്കാർ ജെട്ടിയിൽ തന്നെ ബോട്ടടുപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. ജങ്കാർ സർവിസ് ആരംഭിക്കുമ്പോൾ ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൊളിച്ചു മാറ്റേണ്ടി വരും.

നേരത്തേ ജങ്കാർ ജെട്ടിക്ക് കിഴക്ക് ഭാഗത്തായി ബോട്ടടുപ്പിക്കാൻ സൗകര്യമൊരുക്കാനാണ് തീരുമാനിച്ചതെങ്കിലും ഈ ഭാഗത്ത് ആഴക്കൂടുതലായതിനാൽ ഈ ശ്രമം ഉപേക്ഷിച്ച് പഴയ ജങ്കാർജെട്ടിയിൽതന്നെ ബോട്ടടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് കൂനിന്മേൽ കുരുവായി മാറിയ സ്ഥിതിയാണ്. അതേസമയം, ജങ്കാറിനായുള്ള ടെൻഡറിൽ ഇതുവരെ ആരും പങ്കെടുക്കാത്തതിനാൽ പഴയ കരാറുകാർക്ക് തന്നെ കരാർ പുതുക്കി നൽകാനാണ് തീരുമാനം. ഇവരുടെ വ്യവസ്ഥകൾ അമിതഭാരമേൽപ്പിക്കുമെന്ന ആശങ്കയുമുണ്ട്.

Tags:    
News Summary - Ponnani Jetty Construction Delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.