പൊന്നാനി: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്ക് ഉടൻ നിയമപരിഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അനുവദിച്ച പോക്സോ അതിവേഗ കോടതികളിലൊന്നായ പൊന്നാനിയിലെ പോക്സോ കോടതി പ്രവർത്തനമാരംഭിച്ചു. തൃക്കാവിലെ പി.സി.സി സൊസൈറ്റി കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തനമാരംഭിച്ചത്.
കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും ഉടൻ വിധി പ്രസ്താവിക്കുക, പുതുതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഒരു വർഷത്തിനകം വിധി പ്രസ്താവിക്കുന്ന വിധത്തിൽ നടപടി പൂർത്തിയാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അതിവേഗ സ്പെഷൽ കോടതികൾ സ്ഥാപിച്ചത്. ജില്ലയിലെ അഞ്ച് അതിവേഗ പോക്സോ കോടതികളുടെ ഉദ്ഘാടനം ഹൈകോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമൻ ഓൺലൈനായി നിർവഹിച്ചു.
ജില്ല ജഡ്ജ് മുരളി കൃഷ്ണ അധ്യക്ഷത വഹിച്ചു. പൊന്നാനിയിൽ നടന്ന ചടങ്ങിൽ പോക്സോ ജഡ്ജ് സുബിത ചിറക്കൽ, പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് എം.ആർ. ദിലീപ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സുജീർ, പ്രസിഡന്റ് സി. ധനലക്ഷ്മി, അഭിഭാഷകരായ എൻ.എ. ജോസഫ്, കെ. രവി, സുഗുണ, കെ. നൗഷാദ്, ജൂനിയർ സൂപ്രണ്ട് പുഷ്പലത, മുൻ എം.പി സി. ഹരിദാസ് എന്നിവർ സംസാരിച്ചു. ആദ്യദിനം മൂന്ന് കേസുകൾ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.