മലപ്പുറം: പട്ടികജാതി വികസന വകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റവും വിവിധ ജീവനക്കാരുടെ സ്ഥലം മാറ്റവും അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുണ്ടായ ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റമുണ്ടായിട്ടില്ല. ഡിപാർട്ട്മെൻറ് പ്രമോഷൻ കമ്മിറ്റി ചേർന്നിട്ടില്ല എന്ന മറുപടിയാണ് ഇതിന് ഉന്നത വൃത്തങ്ങൾ നൽകുന്നതത്രെ. തിരുവനന്തപുരത്ത് മൂന്ന് അഡീഷനൽ ഡയറക്ടർമാർ, ജോയൻറ് ഡയറക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഇടുക്കി, കണ്ണൂർ ജില്ലകളിലെ അസിസ്റ്റൻറ് ഓഫിസർമാർ, മലപ്പുറം ജില്ലയിലെ കാളികാവ്, പെരുമ്പടപ്പ്, പൊന്നാനി, തിരൂരങ്ങാടി, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം, ആലത്തൂർ, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫിസർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥാനക്കയറ്റം വൈകുക വഴി ക്ലറിക്കൽ ജീവനക്കാരുടെ പ്രമോഷനാണ് കാര്യമായി മുടങ്ങുന്നത്.
ക്ലറിക്കൽ തലത്തിൽ പ്രമോഷൻ മുടങ്ങുന്നത് വിവിധ ജില്ലകളിൽ നിയമനം കാത്തുകിടക്കുന്ന എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളെയും ബാധിക്കും. പ്രമോഷനുകളും മറ്റും സമയബന്ധിതമായി നടത്തി ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മാസങ്ങൾക്ക് മുേമ്പ അപേക്ഷ ക്ഷണിച്ചെങ്കിലും തീരുമാനമാകാതെ കിടക്കുന്നു.
എല്ലാ വർഷവും ഏപ്രിൽ-മേയ് മാസങ്ങളിലായി സ്ഥലംമാറ്റ നടപടി പൂത്തിയാകാറുണ്ട്. ബ്ലോക്ക് തലങ്ങളിലുള്ള മിക്ക ഓഫിസർമാരും ഒന്നിലധികം ഓഫിസുകളുടെ ചുമതല വഹിക്കുകയാണ്. പട്ടികജാതി വിഭാഗക്കാരുടെ വിവിധ ക്ഷേമ പദ്ധതികൾ സമയ ബന്ധിതമായി ഗുണഭോക്താക്കളിൽ എത്തുന്നതിന് ഇത് തടസ്സമാകുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.