പുളിക്കല്‍: സര്‍ക്കസ് തമ്പുകളിലെ പ്രകടനങ്ങൾ പുതുതലമുറക്ക് ആസ്വാദന അനുഭവമാക്കി പുളിക്കല്‍ ചെറുമുറ്റം പി.ടി.എം എ.എം.എല്‍.പി സ്കൂളില്‍ നടന്ന സര്‍ക്കസ് കലാ പ്രകടനം പുതുമയായി. അന്യം നിന്ന സര്‍ക്കസിനെ വീണ്ടെടുക്കാന്‍ പുതു തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയാങ്കണത്തില്‍ സര്‍ക്കസ് ഷോ സംഘടിപ്പിച്ചത്.
സര്‍ക്കസ് വിരുന്നിന്റെ പുനരാഖ്യാനവുമായി ലക്ഷ്മി ഭാരത് സര്‍ക്കസ് സംഘമാണ് വിദ്യാലയ മുറ്റത്തെത്തിയത്. ആയോധന മുറകളില്‍ ഊന്നിയുള്ള പഴയകാല കലാവിഷ്ക്കാരം സര്‍ക്കസ് സംഘം കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കമ്പനി മാനേജര്‍ വാസു പെരളശ്ശേരിയുടെ നേതൃത്വത്തില്‍ ഇരുപതില്പരം ആയോധന മുറകളാണ് വിദ്യാലയ മുറ്റത്ത് അവതരിപ്പിച്ചത്. മാസ്മരിക പ്രകടനങ്ങള്‍ക്ക് വാസു പെരളശ്ശേരി, രാജു കുത്തുപറമ്പ്, ബാബു പട്ടാമ്പി, ശിവ തലശ്ശേരി, ഗീത പട്ടാമ്പി, ചൈത്യ പയ്യന്നൂര്‍, മഞ്ജു മാനന്തവാടി, മുത്തു പൊള്ളാച്ചി എന്നിവര്‍ നേതൃത്വം നല്കി.
സര്‍ക്കസിനെ അടുത്തറിയാനുതകുന്ന പഠന ക്ലാസുകളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സര്‍ക്കസ് കൂടാരങ്ങളില്‍ സജീവമായിരുന്ന കലാകാരന്മാരെ തെരുവിലേക്കയക്കാതെ സര്‍ക്കസിന് പുത്തന്‍ ആഖ്യാനം ഒരുക്കാനുള്ള വേദികൂടിയായി പരിപാടി. സര്‍ക്കസ് സംഘം മാനേജര്‍ വാസു പെരളശ്ശേരിയെ സ്റ്റാഫ് സെക്രട്ടറി കെ.എ. ഉസ്മാന് മാസ്റ്റര്‍ പൊന്നാടയണിച്ച് ആദരിച്ചു.
പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്ക്കും ഉപഹാരങ്ങള്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.