ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പല റോഡുകളും ശോച്യാവസ്ഥയിലാണ്. കുണ്ടും കുഴികളും നിറഞ്ഞ് യാത്ര ദുഷ്കരം. കൂടാതെ കഴിഞ്ഞ ആഴ്ചകളിൽ ശക്തമായ മഴ പെയ്തതോടെ വെള്ളക്കെട്ടുകളും. അപകടങ്ങൾ തുടർക്കഥയാവുകയാണ്. റോഡിൽ വാഴ നട്ടും ഉപരോധം നടത്തിയും യാത്രക്കാർ പ്രതിഷേധംഅറിയിക്കുന്നു. നിവേദനങ്ങളും പരാതികളും നൽകി മടുത്തിരിക്കുകയാണ് ജനം. സ്കൂളുകളും കോളജുകളും തുറക്കുന്നതോടെ പൊതുഗതാഗതങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടുന്നു. ജില്ലയിലെ ചില പൊതുമരാമത്ത് റോഡുകളിലൂടെ ഒരു യാത്ര.....
നടുവൊടിക്കും വളാഞ്ചേരി -പെരിന്തൽമണ്ണ റോഡ്
ജില്ലയിലെ പ്രധാന പാതയായ വളാഞ്ചേരി -പെരിന്തൽമണ്ണ റോഡിൽ വെങ്ങാട് മുതൽ അങ്ങാടിപ്പുറം വരെ നടുവൊടിക്കുന്ന കുണ്ടും കുഴികളുമാണ്. നിരവധി മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുള്ള പെരിന്തൽമണ്ണയിലേക്ക് നിരവധി ആംബുലൻസുകളാണ് ഇതുവഴി പോകുന്നത്. നൂറുകണക്കിന് സ്വകാര്യ ബസുകളും ദിവസവും ഇതുവഴി പോകുന്നു. വെങ്ങാട് മുതൽ അങ്ങാടിപ്പുറം വരെയുള്ള 15 കിലോമീറ്റർ റോഡിലാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്.
േഗാകുലം, വെങ്ങാട്, ഇല്ലിക്കോട്, എടയൂർ റോഡ്, അമ്പലപ്പടി, ആശുപത്രിപ്പടി, കൊളത്തൂർ, വൈലോങ്ങര തുടങ്ങിയ ഭാഗങ്ങളിലെല്ലാം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ വൈലോങ്ങരയിൽ ക്വാറി മാലിന്യം തള്ളി താൽക്കാലികമായി പരിഹരിച്ചു.
സ്റ്റേഷൻ പടിയിൽ അറ്റകുറ്റപ്പണി നടത്തിയതൊഴിച്ചാൽ റോഡ് സമ്പൂർണമായി തകർന്ന നിലയിലാണ്. മഴ പെയ്താൽ ഇൗ ഭാഗങ്ങളിൽ ചളി നിറഞ്ഞ് യാത്രക്കാർ വീണ്ടും ദുരിതത്തിലാകും.
കുണ്ടും കുഴികളുമായി കൊണ്ടോട്ടി ബൈപാസ്
െകാണ്ടോട്ടി ബൈപാസ് റോഡിൽ കുറുപ്പത്ത് മുതൽ പാണ്ടിക്കാട് വരെയാണ് റോഡ് പാടേ തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ദേശീയ പാത കൊണ്ടോട്ടി ബൈപാസ് റോഡിൽ രൂപപ്പെട്ടത് വലിയ അപകടക്കുഴികളാണ്. അപകടങ്ങൾ കൂടിയതോടെ അധികൃതർ അടുത്തിടെ രണ്ടുതവണ കുഴികൾ അടച്ചിരുന്നു.
ഇത് വെള്ളത്തിൽ ഒലിച്ചുപോയി. ചില കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം യാത്രക്കാരുടെ ശ്രദ്ധയിൽപെടാതെ പോവുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
നീണ്ടുനീണ്ട് മഞ്ചേരി-അരീക്കോട്, എടവണ്ണ-കൊയിലാണ്ടി റോഡ് നവീകരണം
മഞ്ചേരി നെല്ലിപ്പറമ്പ് മുതൽ അരീക്കോട് സൗത്ത് പുത്തലം വരെയുള്ള റോഡ് നവീകരണം നീളുന്നതു കാരണം യാത്രക്കാർ ദുരിതത്തിൽ. കിലോമീറ്ററോളം റോഡ് നവീകരണ പ്രവർത്തന ഭാഗമായി പൊളിച്ചതാണ് യാത്രക്കാരെ വലക്കുന്നത്. എടവണ്ണ- കൊയിലാണ്ടി റോഡിെൻറ നവീകരണ പ്രവൃത്തി നീണ്ടുപോകുന്നതിനാൽ എടവണ്ണ മുതൽ അരീക്കോട്, മുക്കം വരെയുള്ള യാത്രക്കാർ ദുരിതത്തിലാണ്. എടവണ്ണ മുതൽ അരീക്കോട്, മുക്കം വരെയുള്ള നിലവിലുള്ള റോഡ് പൂർണമായും പൊളിച്ചാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്.
നിരത്തുകൾ തകർന്ന് മഞ്ചേരി
മഞ്ചേരി നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം തകർന്നു കിടക്കുകയാണ്. താൽക്കാലിക പരിഹാരമായി ക്വാറി മാലിന്യം തള്ളിയിട്ടുണ്ട്. നിലമ്പൂർ, കോഴിക്കോട്, മലപ്പുറം റോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. നിലമ്പൂർ റോഡിൽ സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ റോഡ് തകർന്ന് തരിപ്പണമായിട്ടുണ്ട്. ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ മാറ്റാനായി കുഴിയെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. യഥാസമയം കുഴികൾ അടക്കാതെ വന്നതോടെ ഗതാഗതം ദുസ്സഹമായി. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം കെട്ടിനിന്ന് അപകടവും പതിവാണ്. നാടുകാണി -പരപ്പനങ്ങാടി റോഡ് പ്രവൃത്തി പൂർത്തിയാവാത്തതും തിരിച്ചടിയായി. മലപ്പുറം നഗരസഭയിൽ കാരപറമ്പ് വാർഡിൽ ഹാജിയാർപള്ളി -എടായിപ്പാലം റോഡ് ഇടിഞ്ഞിട്ട് രണ്ടു വർഷമായി. ഇതുവരെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർക്കായിട്ടില്ല. 2019ലെ പ്രളയത്തിലാണ് ഈ ഭാഗം തകർന്നത്. കഴിഞ്ഞയാഴ്ചയിലെ ശക്തമായ മഴയിൽ വീണ്ടും തകർന്നു. ഇതുവഴി ഭാഗികമായാണ് വാഹനങ്ങൾ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.