പൊന്നാനി: പുതുപൊന്നാനി പൂക്കൈത പുഴക്ക് കുറുകെ പൊന്നാനി കടവനാടിനെയും വെളിയങ്കോട് ഗ്രാമപഞ്ചായത്തിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനു നിർമിക്കുന്ന പൂക്കൈതകടവ് പാലത്തിന്റെ പ്രവൃത്തികൾ യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന ഭൂവുടമകളുടെ യോഗം ചേർന്നു. പൊന്നാനി കടവനാട് മേഖലയിലെ ഭൂവുടമകളുടെ യോഗമാണ് പൊന്നാനി കടവനാട് ഫിഷറീസ് യു.പി സ്കൂളിൽ ചേർന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഏറ്റെടുക്കേണ്ട സ്ഥലത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടക്കും. തുടർന്ന് നഷ്ടപരിഹാര തുകയും നൽകിയതിന് ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കുക. കടവനാട് മേഖലയിൽ രണ്ട് വീടുകൾ ഉൾപ്പെടെ പൂർണമായും ഏറ്റെടുക്കേണ്ടി വരും. കടവനാട് പള്ളി വരെയും വെളിയങ്കോട് പൂക്കൈത മദ്റസ വരെയും അപ്രോച്ച് റോഡ് നിർമിക്കേണ്ടി വരും. കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതിയുടെ സാധ്യത പഠനവും സർവേയും നേരത്തേ പൂർത്തിയാക്കിയിരുന്നു. 232 മീറ്റർ നീളത്തിലും 17 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും. ഒരു ഭാഗത്തും 200 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും. വെളിയങ്കോട് താവളക്കുളം പൂക്കൈതകടവ് ഭാഗത്തെ അപ്രോച്ച് റോഡിനുള്ള സ്ഥലം വിട്ടുകിട്ടാനുള്ള നിർമാണ പ്രവൃത്തികൾക്കുള്ള പ്രാരംഭ നടപടികൾ 2017ൽ ആരംഭിച്ചിരുന്നു. ഈ ഭാഗത്തെ സ്ഥലം നഷ്ടമാകുന്നവരുടെ യോഗവും ഉടൻ ചേരും. ഇതിന്റെ ഭാഗമായി ഇരുകരകളിലെയും അനുബന്ധ റോഡുകളുടെ സ്ഥലമെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക സർവേയും പൂർത്തീകരിച്ചിരുന്നു.
പൊന്നാനി കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ മുതൽ പൂക്കൈതകടവ് വരെ അര കിലോമീറ്ററോളം ദൂരത്തും, വെളിയങ്കോട് താവളക്കുളം മുതൽ പൂക്കൈത കടവ് വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരപരിധിയിലുമായാണ് അനുബന്ധ റോഡ് നിർമ്മിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 19.16 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വൻമുന്നേറ്റമാണ് സാധ്യമാകുക. വെളിയങ്കോട്ട് നിന്ന് പൊന്നാനിയിലെത്താനുള്ള എളുപ്പമാർഗമായി പാലം മാറുകയും ദേശീയപാതയിലെ ഗതാഗത തിരക്കിന് ആശ്വാസമാവുകയും ചെയ്യും. പൊന്നാനി കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ പാലം യാഥാർഥ്യമായാൽ കൂടുതൽ സൗകര്യപ്രദമാവുകയും ചെയ്യും. ഭൂവുടമകളുടെ യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ അശോകൻ വെള്ളാനി, കെ. ബാബു, എം.എൽ.എ പ്രതിനിധി കെ. സാദിഖ്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവരും നാട്ടുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.