മലപ്പുറം: ഒറ്റപ്പെട്ട ട്രൈബൽ കോളനികളിൽ റേഷൻ എത്തിക്കുമെന്നും പോഷകാഹാരക്കുറവുമൂലം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭക്ഷ്യകമീഷൻ അംഗം അഡ്വ. പി. വസന്തം പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഭക്ഷ്യകമീഷൻ ജില്ലതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭക്ഷ്യകമീഷൻ അംഗം വി. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യകമീഷന്റെ ക്രിയാത്മക ഇടപെടലിലൂടെ ഭക്ഷ്യവിതരണ രംഗത്ത് മാതൃകപരമായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കമീഷന്റെ ഇടപെടലിലൂടെ ജില്ലയിലെ ദുർഘട ഗോത്രവർഗ മേഖലകളിൽവരെ കൃത്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്.
2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമത്തിൽ വ്യവസ്ഥ ചെയ്തത് പ്രകാരം ജനങ്ങളുടെ ഭക്ഷ്യ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിൽ ജില്ലയിലെ പൊതുവിതരണം, വിദ്യാഭ്യാസം, വനിത ശിശു വികസനം എന്നീ വകുപ്പുകൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. എന്നാലും ചെറിയ ശതമാനം ആളുകളുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അവകൂടി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും വിതരണം ചെയ്യുന്ന ഭേക്ഷ്യാൽപന്നങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു. നാലര വർഷത്തിനിെട വിവിധ വകുപ്പുകൾ വഴി ഭക്ഷ്യപൊതുവിതരണരംഗത്ത് ജില്ലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അവലോകനം നടത്തി. ഡെപ്യൂട്ടി കലക്ടർ പി. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു. ജില്ല സപ്ലൈ ഓഫിസറുടെ ചാർജ് വഹിക്കുന്ന ശിവദാസ് പിലാപ്പറമ്പിൽ, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ജാഫർ കക്കൂത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.