മലപ്പുറം: റെയിൽപാത അറ്റകുറ്റപ്പണിയുടെ പേരിൽ സമയ മാറ്റം വരുത്തിയ പാസഞ്ചർ ട്രെയിനുകൾ പുനഃക്രമീകരിക്കാത്തത് മലബാർ മേഖലയിലെ യാത്രക്കാരെ വലക്കുന്നു. ഷൊർണൂർ-കോഴിക്കോട് റൂട്ടിലെ യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. 2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ക്രമീകരിച്ച ട്രെയിൻ ഷെഡ്യൂളുകൾ അഞ്ച് മാസം പിന്നിടുമ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.
നേരത്തെ രാവിലെയും വൈകീട്ടും ജോലിക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായിരുന്ന പാസഞ്ചർ സർവിസുകളുടെ സമയമാണ് അറ്റകുറ്റപ്പണിയുടെ പേരിൽ മാറ്റിയത്. ഷെഡ്യൂളുകളിലെ മാറ്റം നവംബറോടെ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തുടർനടപടി ഇല്ലാത്തതിനാൽ യാത്രക്കാരുടെ പ്രയാസം വർധിച്ചു.
നിലവിൽ റിസർവ് ചെയ്യാതെയുള്ള യാത്രക്കായി പ്രതിദിനമുള്ള കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ പുലർച്ചെ 2.05നും 4.10നുമിടയിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, 3.05നും 4.45നുമിടയിൽ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 5.20നും 7.30നും ഇടയിലെ ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ ജോലിക്കാർക്കും കോളജ് വിദ്യാർഥികൾക്കും പ്രയോജനകരമല്ല.
6.40നും 8.40നും ഇടയിലെ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, 7.45നും 9.45നും ഇടയിലെ കോയമ്പത്തൂർ എക്സ്പ്രസ്, 8.10നും 10.15നുമിടയിലെ നേത്രാവതി എക്സ്പ്രസ്, 8.40നുള്ള പരശുറാം എക്സ്പ്രസ് എന്നിവയാണ് കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടാറുള്ളത്. എന്നാൽ ഈ സമയങ്ങളിൽ ബോഗികൾ നിറഞ്ഞ് കവിയുന്ന സാഹചര്യമാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അടക്കം അനുഭവപ്പെടുക പതിവാണ്. പരശുറാം എക്സ്പ്രസ് അധിക ദിവസങ്ങളിലും ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്താറുള്ളത്.
ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ പുലർച്ചെ 1.45നും 3.07നുമുള്ള മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, രണ്ടിനും 3.25നുമിടയിലെ മാവേലി എക്സ്പ്രസ്, 2.40നും 4.42നുമിടയിലെ മലബാർ എക്സ്പ്രസ്, 4.10നും 6.05നുമിടയിലെ മംഗളൂരു സെൻട്രൽ എക്സ്പ്രസ്, 5.40നും 7.25നുമിടയിലെ മംഗളൂരു സെൻട്രൽ മെയിൽ, ആറിനും 7.37നുമിടയിലെ കണ്ണൂർ എക്സ്പ്രസ് എന്നിവയും ജോലിക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്പെടാറില്ല.
എന്നാൽ 7.30നും 9.32നുമിടയിലെ തൃശൂർ-കണ്ണൂർ എക്സ്പ്രസ്, 7.50നും 9.12നുമിടയിലെ മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനുകളാണ് യാത്രക്കാർക്ക് ഗുണകരമാകുന്നത്. എന്നാൽ ഇവയിലെ തിരക്കും വൈകലും തിരിച്ചടിയാണ്. വൈകീട്ടും സമാന സാഹചര്യങ്ങളാണ്. സമയ മാറ്റം വരുത്തിയ പാസഞ്ചർ ട്രെയിനുകൾ പുനക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിലവിൽ രാവിലെയും വൈകീട്ടുമുള്ള പാസഞ്ചർ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി തിരക്കിയാണ് യാത്ര ചെയ്യുന്നത്. യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അടക്കം അനുഭവപ്പെടുക പതിവാണ്. എന്നാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്റ്റേഷനുകളിൽ മെഡിക്കൽ സൗകര്യങ്ങൾ യാഥാർഥ്യമായിട്ടില്ല.
നേരത്തെ കോഴിക്കോട് സ്റ്റേഷനിൽ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരുന്നു. എന്നാൽ പിന്നീട് നിലച്ചു. തിരക്കുള്ള പ്രധാന സ്റ്റേഷനുകളിലെങ്കിലും ഇത്തരം സൗകര്യം വേണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ വരുന്ന ഘട്ടത്തിൽ സ്റ്റേഷനുകളിലെ പോർട്ടർമാരോ കച്ചവടക്കാരോ യാത്രക്കാരോ ആണ് സഹായവുമായി ഓടിയെത്താറുള്ളത്.
അറ്റകുറ്റപ്പണിയുടെ പേരിൽ സമയക്രമം മാറ്റിയത് പാസഞ്ചർ യാത്രക്കാരെ വലിയ തോതിൽ വലച്ചെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ. പാസഞ്ചർ ട്രെയിനുകൾ വൈകുന്നതും തിരിച്ചടിയാണ്. വൈകീട്ടുള്ള ഷെഡ്യൂളുകൾ രാത്രിയിലേക്ക് നീണ്ടതോടെ സ്ത്രീകളടക്കം ബുദ്ധിമുട്ടിലാണ്.
മുമ്പുണ്ടായിരുന്ന സമയക്രമം പാലക്കാട്-കോഴിക്കോട് ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ഏറെ അനുയോജ്യമായിരുന്നു. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ലെന്നും സ്റ്റേഷൻ വികസനത്തിനൊപ്പം യാത്രാസൗകര്യം കൂടി വേണമെന്നും വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, സെക്രട്ടറി ഫിറോസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.