തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച് താരമായി വിദ്യാർഥികൾ. മേടപ്പിൽ അഹമ്മദ് ഫവാസും പാറപ്പുറത്ത് മുഹമ്മദ് ഇർഫാനുമാണ് നാടിെൻറ അഭിമാനമായത്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം അരീപ്പാറ കുറുമ്പറ്റ കടവിലായിരുന്നു സംഭവം. തേഞ്ഞിപ്പലം മതിലഞ്ചേരി ഷൈജുവിെൻറ മകനായ ഗോകുൽദേവ്, മതിലഞ്ചേരി അജിത്തിെൻറ മകൻ ആകാശ് എന്നിവരെയാണ് ഇരുവരും സാഹസികമായി രക്ഷിച്ചത്.
രണ്ടുപേരും പുഴ കാണാനെത്തി കുളിക്കാനിറങ്ങിയതായിരുന്നു. നടുവിലുള്ള തുരുത്തിലേക്ക് വെള്ളം കുറഞ്ഞ ഭാഗത്തുകൂടി പാറക്കെട്ടിലൂടെ നടന്നുപോവുമ്പോഴാണ് അപകടം സംഭവിച്ചത്. നടക്കുന്നതിനിടെ ആഴക്കൂടുതലുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇതിൽ ഗോകുൽ ദേവ് വെള്ളത്തിൽ വീണ് ചളിയിൽ മുങ്ങി. ആകാശ് കൈയിൽ കിട്ടിയ മരച്ചില്ലയിൽ പിടിച്ചുനിന്നു. ഈ സമയം പുഴക്കരയിൽ പന്ത് കളിക്കുകയായിരുന്ന അഹമ്മദ് ഫവാസും മുഹമ്മദ് ഇർഫാനും ബഹളം കേട്ട് ഓടിയെത്തി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ചളിയിൽ ആണ്ടുപോയ ഗോകുലിനെ പൊക്കിക്കൊണ്ടുവരാൻ ഏറെ പാടുപെട്ടതായി ഇവർ പറഞ്ഞു.
കരയിലെത്തിച്ച ഉടനെ പ്രഥമ ശുശ്രൂഷ കൊടുത്തപ്പോഴാണ് ഗോകുലിന് ബോധം തിരിച്ചുകിട്ടിയത്. ഉടനെ പാറപ്പുറത്ത് അഷ്ക്കർ എന്നയാൾ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ദേവ് ഞായറാഴ്ച ആശുപത്രി വിടും. കൂട്ടുകാരുടെ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് ഫവാസും മുഹമ്മദ് ഇർഫാനും. നാടിനും കുടുംബത്തിനും ആശ്വാസ കരങ്ങളായി മാറിയ കുരുന്നു ധീരന്മാരെ അഭിനന്ദിക്കാൻ ഓടിയെത്തുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.