തിരുനാവായ: ദേശാടനപ്പക്ഷികളാൽ ശ്രദ്ധേയമായ പല്ലാർ പാടങ്ങളിൽ വീണ്ടും പറവകൾ കൂടൊരുക്കാനെത്തി. നീർപക്ഷികളായ ചേരാ കൊക്ക്, വെള്ളരിവാൾ കൊക്കൻ, കന്യക കൊക്ക് തുടങ്ങിയവയാണ് കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്. ഇവയിൽ ചേരാ കൊക്കൻ വിഭാഗക്കാർ (ഓപൺ ബിൽഡ് സ്റ്റോർക്) കൂട് വെക്കുന്നതും പ്രജനനം നടത്തുന്നതും കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് ഇവിടെയാണ്. ഇവരിപ്പോൾ ഇവിടെ സ്ഥിരവാസവുമായിട്ടുണ്ട്. താമരക്കായലും വാലില്ലാപുഴയും കാരണം വർഷം മുഴുവൻ ഇവിടെ വെള്ളക്കെട്ടാണ്. ഇത് നിരവധി ജലജീവികളുടെ വർധനക്ക് കാരണമായി.
ജലജീവികളെ ഭക്ഷണമായി ലഭിക്കുന്നതിനാലും സംരക്ഷണം ലഭിക്കുന്നതിനാലും വിവിധയിനത്തിൽപെട്ട നീർപക്ഷികളാണ് ഇവിടെയെത്തുന്നത്. മഴക്കാലമായാൽ ജൂണോടെ ഇവർ ഇവിടെയെത്തി കൂട് കൂട്ടും. ഓരോ വർഷവും കൂട് വെക്കുന്നതിൽ വർധന കണ്ടുവരുന്നതായി പക്ഷിനിരീക്ഷകർ
അവകാശപ്പെടുന്നു.
കൂടാതെ നീലക്കോഴി, ചൂളൻ എരണ്ട (വിസിൽ ഡക്ക്), ചേരാക്കോഴി (ഡാർട്ടർ), പാതിരാകൊക്ക് (നൈറ്റ് ഹെറോൺ), ചായ മുണ്ടി (പർപ്പിൾ ഹെറോൺ), നീർകൊക്കുകൾ (കോർമറെന്റുകൾ) തുടങ്ങിയവയും കൂടൊരുക്കാൻ പല്ലാർപാടങ്ങളിൽ എത്തുന്നതായി പ്രദേശവാസിയും പ്രമുഖ പക്ഷിനിരീക്ഷകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു. ഇതിൽ പ്രത്യേക സംരക്ഷണപ്പട്ടികയിൽപെട്ട ചേരാ കൊക്കിന്റെ വംശവർധന വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പക്ഷി ഗവേഷക ശ്രീനില മഹേഷ് പറഞ്ഞു.
പ്രത്യേക സംരക്ഷണപ്പട്ടികയിൽപെട്ട പക്ഷികൾ ഇവിടെ എത്തുന്നതിനാലും കൊറ്റില്ലങ്ങളുടെ വർധനയും മൂലം ജില്ല വനം വകുപ്പ് നേരിട്ടുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആവശ്യമായ ജീവനക്കാരെ നിയമിച്ച് രാത്രികാല നിരീക്ഷണവും നടക്കുന്നുണ്ട്. പക്ഷിവേട്ട നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 98952 52471 നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.