മലപ്പുറം: ജീവനക്കാരില്ലാത്തതിനാൽ സർവിസുകൾ പൂർണമായി പുനരാരംഭിക്കാനാകാതെ കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ. ജീവനക്കാരുടെ കുറവുള്ളതിനാൽ കോവിഡിന് മുമ്പുള്ള സർവിസുകളാണ് പൂർണമായി പുനരാരംഭിക്കാൻ സാധിക്കാത്തത്. മലപ്പുറം ഡിപ്പോയിൽ 10 സൂപ്പർ ഫാസ്റ്റുകൾ ഉൾപ്പെടെ 44 ബസാണ് അനുവദിച്ചിട്ടുള്ളത്. നിലവിൽ 31 ഷെഡ്യൂളാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 28 എണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. മൂന്നെണ്ണം ജീവനക്കാരുടെ കുറവുള്ളതിനാൽ നടത്താനാകുന്നില്ല. തിരൂർ-മലപ്പുറം-മഞ്ചേരി റൂട്ടിലാണ് മൂന്ന് ഷെഡ്യൂളും. ഈ റൂട്ടിൽ ആറ് ഷെഡ്യൂളാണ് നിലവിലുള്ളത്. ഇതിൽ പകുതിയും നടത്താനാകാത്ത സാഹചര്യമാണ്.
കോവിഡിന് മുമ്പുണ്ടായിരുന്ന മഞ്ചേരി, അരീക്കോട് വഴിയുള്ള മാനന്തവാടി, പരപ്പനങ്ങാടി സർവിസുകളും ആരംഭിക്കാൻ സാധിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്ന ജീവനക്കാർ വിരമിച്ചതിന് പകരം പുതിയ നിയമനങ്ങൾ നടന്നിട്ടില്ല. എംപാനൽ, കരാർ ജീവനക്കാരെയും പിരിച്ചുവിട്ടതോടെയാണ് പ്രതിസന്ധിയുണ്ടായത്. നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിലും ജീവനക്കാരുടെ കുറവ് സർവിസുകളെ ബാധിച്ചിട്ടുണ്ട്.
കെ-സ്വിഫ്റ്റിൽ മലപ്പുറത്തിന് ബസുകൾ അനുവദിക്കുന്നതോടെ നിലവിലെ സൂപ്പർഫാസ്റ്റ് സർവിസുകൾ ഇതിലേക്ക് മാറും. ഇതോടെ, ഇപ്പോൾ സൂപ്പർഫാസ്റ്റിലെ ജീവനക്കാരെ മറ്റ് റൂട്ടുകളിലേക്ക് പുനഃക്രമീകരിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മലപ്പുറം-തിരുവനന്തപുരം റൂട്ടിൽ അഞ്ചും ഊട്ടിയിലേക്ക് ഒരു ഷെഡ്യൂളുമാണ് നിലവിലുള്ളത്. കെ-സ്വിഫ്റ്റ് ബസുകൾ വരുന്നതോടെ ഇവ പൂർണമായി അതിലേക്ക് മാറ്റും. ഇതോടെ, ഈ ബസുകളും ജീവനക്കാരെയും ഉപയോഗിച്ച് പുതിയ റൂട്ടുകളും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ മലപ്പുറം ഡിപ്പോയിൽനിന്ന് 12 ബസും സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.