മലപ്പുറം: സ്പെഷൽ സ്കൂളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 16 മുതൽ അസോസിയേഷന് ഫോര്‍ ഇന്റലക്ചല്‍ ഡിസേബിള്‍ഡ് കോ ഓഡിനേഷന്റെ നേതൃത്വത്തിൽ രക്ഷിതാക്കളും ജീവനക്കാരും തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 314 സ്പെഷൽ സ്കൂളുകൾക്ക് 2022-23 അധ്യയന വർഷം 45 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ആഗസ്റ്റ് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഡിസംബർ, മാർച്ച് മാസങ്ങളിലായി രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച തുക വെട്ടിക്കുറക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വാർത്ത സമ്മേളനത്തിൽ സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ സംസ്ഥാന ട്രഷറർ സി.പി. സാദിഖ്, പാരന്റ് അസോസിയേഷൻ ഓഫ് ഇന്റലക്ചലി ഡിസേബിൾഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്ത് അലി, സ്പെഷൽ ഒളിമ്പിക്സ് ഭാരത് ജില്ല കോ ഓഡിനേറ്റർ സിസ്റ്റർ അക്ഷയ, മാനേജ്മെന്റ് അസോസിയേഷൻ ഫോർ ഇന്റലക്ചലി ഡിസേബിൾഡ് സംസ്ഥാന സെക്രട്ടറി സിനിൽദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.