മലപ്പുറം: ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രതിഷേധിച്ചു. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ നോട്ടീസ് പതിച്ചു. പുതിയ ഉത്തരവിലൂടെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിൽ 27000 മുതൽ 168000 രൂപ വരെയാണ് വിവിധ തസ്തികകളിലെ ജീവനക്കാർക്ക് നഷ്ടമാകുന്നത്. ക്ഷാമബത്ത ഉത്തരവ് പുറത്തിറക്കുമ്പോൾ തന്നെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ ധനകാര്യവകുപ്പ് അറിയിക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ടു തവണകളിലായി പുറത്തിറക്കിയ ക്ഷാമബത്ത ഉത്തരവിന്റെ കൂടെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ല. ഈ ഉത്തരവ് അംഗീകരിക്കാനാകില്ല. ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് എ.കെ. മുഹമ്മദ് ശരീഫ് അറിയിച്ചു. ഉത്തരവിറക്കുന്ന സമയത്ത് ഒളിവിൽ പോയ ക്ഷാമബത്ത കുടിശ്ശികയെ കണ്ടുകിട്ടുന്നവർ ധനകാര്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടണമെന്ന് കാണിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഓഫിസുകളിൽ പതിച്ചു. ജില്ലതല ഉദ്ഘാടനം സംസ്ഥാന ജന.സെക്രട്ടറി ആമിർ കോഡൂർ മലപ്പുറം സിവിൽ സ്റ്റേഷനിൽ നോട്ടീസ് പതിച്ച് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.