മലപ്പുറം: സംസ്ഥാനത്ത് താപനില കുത്തനെ ഉയർന്ന് റെക്കോഡിടുമ്പോൾ ചൂടേറ്റ് വാടുകയാണ് ജനജീവിതം. മാർച്ചിൽ കത്തിക്കയറിയ താപനില ഒരു ദാക്ഷിണ്യവുമില്ലാതെ വീണ്ടും കൂടുകയാണ്. കഴിഞ്ഞ ദിവസം തിരൂർ പുറത്തൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടു വയസ്സുകാരിക്ക് സൂര്യാതപമേറ്റിരുന്നു. കൊണ്ടോട്ടിയിൽ യാത്രക്കിടെ ബൈക്ക് യാത്രികനും സൂര്യാതപമേറ്റിരുന്നു. മലപ്പുറം ജില്ലയിൽ കാലാവസ്ഥ വകുപ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽനിന്ന് ലഭിച്ച കണക്കു പ്രകാരം മാർച്ച് മാസത്തിൽ 41.8 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി തവണ താപനില 40 ഡിഗ്രിക്ക് മുകളിലും വന്നിട്ടുണ്ട്. ജില്ലയിൽ നിലമ്പൂരാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ താപനിലയാണ് മലപ്പുറം ജില്ലയുടെതായി പരിഗണിക്കുന്നത്. കരിപ്പൂരിൽ 36 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുന്നതെങ്കിലും ഇവിടത്തെ ചൂട് അതിലുമപ്പുറമാണെന്നാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തുടക്കത്തിൽതന്നെ ചൂട് ക്രമേണ വർധിച്ചുവന്നിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിൽതന്നെ താപനില വലിയ അളവിൽ വർധിച്ച് മാർച്ച് മധ്യത്തോടെ താപനില 40 ഡിഗ്രി കടന്നു മുന്നേറുന്ന കാഴ്ചയാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ വ്യക്തമാക്കുന്നത്. ജില്ലയില്‍ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്.
ഉയർന്ന ചൂടിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണെന്നും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ. രേണുക ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇപ്രാവശ്യം വേനൽമഴ മലപ്പുറം ജില്ലയെ അവഗണിച്ചുവെന്ന് പറയാം. മാർച്ച് മാസത്തിൽ ഒരു മഴപോലും ജില്ലക്ക് ലഭിച്ചിട്ടില്ല. കേരളത്തിൽ പത്തിലധികം ജില്ലകളിൽ കുറച്ചെങ്കിലും മഴ ലഭിച്ചെങ്കിലും മലപ്പുറത്തിന് നിരാശയായിരുന്നു ഫലം. കൂടാതെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. ഏപ്രിൽ മാസത്തിലും സാധാരണ കിട്ടുന്ന വേനൽമഴ ലഭിക്കില്ലെന്നും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ എ.സി വിപണികളിൽ മാർച്ചിൽ നടന്നത് റെക്കോഡ് വിൽപനയാണ്. മൂന്നു മാസംകൊണ്ട് വിറ്റു തീർക്കുന്ന എ.സികൾ കഴിഞ്ഞ ഒരു മാസംകൊണ്ട് വിറ്റതായി ഇലക്ട്രോണിക് വ്യാപാരികൾ പറയുന്നു. കൊണ്ടോട്ടിയിലെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് കടയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ വിവിധ ബ്രാൻഡുകളുടെ 1200ലധികം എ.സികളാണ് വിറ്റുപോയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപനയാണ് എല്ലാ കടകളിലും. ആവശ്യക്കാർ ഏറിയതിനൊപ്പം തൊഴിലാളികൾക്ക് തിരക്കായതോടെ എ.സി വാങ്ങി 10 ദിവസത്തിലധികം ഫിറ്റിങ്ങിനായി കാത്തുനിൽക്കേണ്ട അവസ്ഥയാണ് ചിലയിടങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.