മലപ്പുറം: സർവേ നടപടികൾ ആരംഭിച്ചില്ല, വലിയതോട് നവീകരണ പദ്ധതി വഴിയിൽ തന്നെ. മഞ്ചേരി താലൂക്ക് അധികൃതർ സർവേ തുടങ്ങാത്തതാണ് പ്രശ്നത്തിന് കാരണം. പദ്ധതി തുടങ്ങാൻ സർവേ നടത്തി തോടിന്റെ യാഥാർഥ അതിർ വരമ്പുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭ സെക്രട്ടറി രേഖാമൂലം കത്ത് നൽകിയിട്ട് വർഷം ഒന്നുകഴിഞ്ഞു. 2022 ഡിസംബറിലാണ് സെക്രട്ടറി മഞ്ചേരി താലൂക്ക് അധികൃതർക്ക് കത്ത് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും കത്തിൽ തുടർനടപടിയുണ്ടായിട്ടില്ല. 2022-‘23 വർഷത്തെ കേന്ദ്ര നഗരസഞ്ചയ ഫണ്ടിൽ വലിയ തോട് നവീകരിക്കാൻ നഗരസഭ പദ്ധതി ആവിഷ്കരിച്ചിരുന്നു.
68.5 കോടി രൂപയാണ് പദ്ധതിക്കായി അധികൃതർ വകയിരുത്തിയത്. തുടർന്ന് നിലവിലെ തോടിന്റെ വീതി കണക്കാക്കി പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ നഗരസഭ തീരുമാനിച്ചു. എന്നാൽ പദ്ധതിയിൽ പരാതി ഉയർന്നതോടെയാണ് സർവേ പൂർത്തീകരിച്ച് തോടിന്റെ യഥാർഥ അതിർവരമ്പുകൾ നിശ്ചയിച്ച് പണി ആരംഭിക്കാമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്താൻ സെക്രട്ടറി കത്ത് നൽകിയത്. പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോമീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കൂടാതെ തോടിന് വശങ്ങളിലായി സൈക്കിൾ പാത, നടപാത, ഇരിപ്പിടങ്ങൾ, മിനി പാർക്കുകൾ എന്നിവയും ഉൾപ്പെട്ടിരുന്നു. മലപ്പുറം നഗരത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കേണ്ട പദ്ധതിയാണ് ഒരു വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. തോടിന്റെ അരികിടിഞ്ഞ് നശിച്ചും കൈയേറിയും വ്യത്യസ്ത വീതികളിലാണ് തോട് ഒഴുകുന്നത്. ചിലയിടത്ത് ഏഴ് മീറ്ററും മറ്റിടങ്ങളിൽ 12 മീറ്ററുമാണ് വീതി. കിഴക്കേത്തല ചെത്ത് പാലം മുതൽ വലിയങ്ങാടി കല്ലാപാറ വരെയാണ് ഏറ്റവും കൂടുതൽ വീതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.