കൊണ്ടോട്ടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടകക്കാരായി കഴിയേണ്ട ഗതികേടില്‍ ജില്ലയിലെ ഹെഡ് പോസ്റ്റ് ഓഫിസുകള്‍. മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഹെഡ് പോസ്റ്റ് ഓഫിസുകളും ആരംഭം മുതല്‍തന്നെ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പോസ്റ്റ് ഓഫിസുകളില്‍ പ്രഖ്യാപിച്ച എ.ടി.എം ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇവിടങ്ങളില്‍ അന്യമാകുകയാണ്.
സ്വന്തം കെട്ടിടമുള്ള പോസ്റ്റ് ഓഫിസുകളില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എ.ടി.എം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആധുനിക പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാകൂ. ജില്ലയില്‍ സ്വന്തം കെട്ടിടമുള്ള താനൂര്‍, പെരിന്തല്‍മണ്ണ പോസ്റ്റ് ഓഫിസുകളില്‍ മാത്രമാണ് നിലവില്‍ എ.ടി.എം സേവനമുള്ളത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന പല പോസ്റ്റ് ഓഫിസുകള്‍ക്കും സ്വന്തം കെട്ടിടം ഉണ്ടായിരിക്കെയാണ് ഹെഡ് പോസ്റ്റ് ഓഫിസുകളോട് പതിറ്റാണ്ടുകളായി ഭരണകൂട അവഗണന തുടരുന്നത്.
മഞ്ചേരിയില്‍ 1984ല്‍ 1.65 ലക്ഷം രൂപ ചെലവില്‍ കെട്ടിട നിര്‍മാണത്തിന് തപാല്‍ വകുപ്പ് സ്ഥലം വാങ്ങിയിരുന്നു. 80കളില്‍ തന്നെ മലപ്പുറത്തും തിരൂര്‍, പൊന്നാനി എന്നിവിടങ്ങളിലും കെട്ടിട നിര്‍മാണത്തിനായി ലക്ഷങ്ങള്‍ മുടക്കി സ്ഥലം വാങ്ങി. എന്നാല്‍ നാലു പതിറ്റാണ്ടായിട്ടും തുടര്‍ നടപടികള്‍ ഏതുമുണ്ടായില്ല. ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ മാലിന്യം നിറഞ്ഞും കാടുമൂടിയും കിടക്കുകയാണ്. തപാല്‍ വകുപ്പിനോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അവഗണനാനയമാണ് കെട്ടിടമൊരുക്കുന്നതിലെ കാലതാമസത്തിന് പ്രധാന കാരണമെന്ന ആക്ഷേപം ശക്തമാണ്.
ഭൂമി സ്വന്തമായുണ്ടെങ്കിലും അവിടെ കെട്ടിടമൊരുക്കുന്നതിനെക്കാള് ലാഭകരം വാടകയ്ക്കുള്ള പ്രവര്‍ത്തനമാണെന്ന് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ തപാല്‍ വകുപ്പ് നിലപാടെടുക്കുമ്പോള്‍ ജനക്ഷേമകരമായ പദ്ധതികളാണ് ജനങ്ങള്‍ക്ക് അന്യമാകുന്നത്. വാടക കെട്ടിടങ്ങളിലെ സ്ഥലപരിമിതിയും ജീവനക്കാരെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.