മലപ്പുറം: അടച്ചും തുറന്നും പിന്നെയും അടച്ചും മാറിമറിഞ്ഞ് തുടരുന്ന കോവിഡ് പ്രതിരോധ നടപടികൾ ജനജീവിതം ദുസ്സഹമാക്കുന്നു. ഓരോ ആഴ്ചകളിലും മാറിമറിയുകയാണ് കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). കണക്കിെൻറ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളാക്കി നിയന്ത്രണം ഏർപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങിയിട്ടില്ല. കച്ചവടക്കാരെയും അവരെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിനാളുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഈ മാനദണ്ഡം തുടരുന്നത്. 94 പഞ്ചായത്തുകളും 12 നഗരസഭകളുമായി 106 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 69 എണ്ണവും നിലവിൽ സമ്പൂർണ ലോക്ഡൗണിലാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രം എല്ലാ കടകളും തുറക്കാൻ അനുമതിയുള്ള 'സി' കാറ്റഗറിയിൽ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.
ഫലത്തിൽ ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. മൂന്നു ദിവസം തുറക്കാൻ പറ്റുന്ന ബി കാറ്റഗറിയിലാണ് ബാക്കി 11 എണ്ണമുള്ളത്. എല്ലാ അങ്ങാടികളിലും 50 ശതമാനത്തോളം വരുന്ന കടകൾ അവശ്യ സാധനങ്ങൾ വിൽക്കുന്നവയാണ്. ഇവയൊക്കെ എല്ലാ ദിവസവും തുറന്നിട്ട് ബാക്കി കടകൾ അടച്ചതുകൊണ്ട് എന്ത് നിയന്ത്രണമാണുണ്ടാവുകയെന്ന് വ്യാപാരികൾ ചോദിക്കുന്നു. ഇങ്ങനെയൊക്കെ നിയന്ത്രണമേർപ്പെടുത്തിയിട്ടും ടി.പി.ആർ നിരക്ക് താഴുന്നുമില്ല.
റോഡിനപ്പുറം സി/ബി, ഇപ്പുറം ഡി/സി
ഒരു റോഡിെൻറ അപ്പുറവും ഇപ്പുറവും രണ്ടു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന അങ്ങാടികളും പ്രദേശങ്ങളും നിരവധിയാണ് ജില്ലയിൽ. ടി.പി.ആർ മാനദണ്ഡമനുസരിച്ച് റോഡിനപ്പുറത്ത് കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിൽ ഇപ്പുറത്ത് അതുണ്ടാവില്ല. വള്ളിക്കുന്ന് -തേഞ്ഞിപ്പലം പഞ്ചായത്ത് അതിർത്തിയിലാണ് ഇതിെൻറ മികച്ച ഉദാഹരണമുള്ളത്. ഒലിപ്രംകടവിലെ സ്വകാര്യ കോംപ്ലക്സ് നിൽക്കുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിൽ. കോംപ്ലക്സിെൻറ മുറ്റത്തോട് ചാരിനിൽക്കുന്ന കെട്ടിടത്തിലെ മീൻ മാർക്കറ്റ് ഉൾെപ്പടെയുള്ള കടകൾ വള്ളിക്കുന്നിലാണ്. തേഞ്ഞിപ്പലം ബിയിലും വള്ളിക്കുന്ന് ഡിയിലുമാണ്. സ്വകാര്യ കോംപ്ലക്സിൽ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം. എന്നാൽ, തൊട്ടടുത്ത് ഒരു കടപോലും തുറക്കാനും പാടില്ല! പുളിക്കൽ പഞ്ചായത്തിെൻറ ഭാഗമായ പുളിക്കൽ അങ്ങാടിയിൽ റോഡിെൻറ ഒരു ഭാഗം ഡിയിലാണ്. അപ്പുറം ചെറുകാവ് പഞ്ചായത്തായതിനാൽ സിയിലാണ്. കോഴിച്ചെനയിൽ ദേശീയപാതയുടെ രണ്ടു വശങ്ങൾ പെരുമണ്ണ, തെന്നല പഞ്ചായത്തുകളിലാണ്. ഇവിടെയും ഒന്ന് സിയും മറ്റൊന്ന് ഡിയുമാണ്. പെരിന്തൽമണ്ണ- അങ്ങാടിപ്പുറം ദേശീയ പാതയിൽ ജൂബിലി ജങ്ഷന് അപ്പുറവും ഇപ്പുറവും രണ്ട് വിഭാഗങ്ങളിലാണ്. ഇങ്ങനെ നിരവധി പ്രദേശങ്ങളുണ്ട് ജില്ലയിൽ.
ചങ്കിടിച്ച് കച്ചവടക്കാർ
ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായ വ്യാപാരികളുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ടി.പി.ആർ പരിഷ്കാരം തുടരുന്നത്. ഇന്ന് തുറക്കാൻ പറ്റുന്നിടം നാളെ അടക്കേണ്ടി വരുന്നു. നിലവിൽ മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കൽ എന്നീ നഗരങ്ങളിൽ മാത്രമാണ് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കടകൾ തുറക്കാൻ പറ്റുന്നത്. മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പൊന്നാനി, നിലമ്പൂർ തുടങ്ങി പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രങ്ങളെല്ലാം സിയിലോ ഡിയിലോ ആണ്. നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. ചെറിയ പെരുന്നാൾ സീസണിൽ പൂർണമായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ മൂന്നു ദിവസമെങ്കിലും തുറക്കാൻ പറ്റിയത് പെരുന്നാളിനോട് അനുബന്ധിച്ചാണ്. ഇനി ഓണമാണ് വരാനുള്ളത്. ടി.പി.ആർ മാനദണ്ഡങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ അതും നഷ്ടമാവുമെന്ന ഭീതിയിലാണ് കച്ചവടക്കാർ.
ശതമാനക്കണക്കിൽ വലഞ്ഞ്
ലോക്ഡൗൺ ഭാഗികമായി പിൻവലിച്ച ശേഷം ടി.പി.ആർ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ചപ്പോൾ ഉണ്ടായിരുന്ന ശതമാനക്കണക്കല്ല ഇപ്പോഴുള്ളത്. തുടക്കത്തിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളായിരുന്നു ഡി വിഭാഗത്തിലുണ്ടായിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാർ അത് 25 ശതമാനം എന്നാക്കി. പിന്നീട് 18ഉം ഇപ്പോഴത് 15ഉം ശതമാനമാണ്. ഓരോ ആഴ്ചയിലും ശതമാനം കുറക്കുന്നത് ഫലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് തുല്യമായ നടപടിയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. രണ്ട് വിഭാഗങ്ങളിൽ പെടുന്ന കച്ചവട സ്ഥാപനങ്ങൾ അടുത്തടുത്ത് വരുേമ്പാൾ ആശയക്കുഴപ്പമുണ്ടാവുകയും വ്യാപാരികളും പൊലീസും തമ്മിൽ കശപിശയുണ്ടാവുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.