മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർപ്പടയെ മുട്ടുകുത്തിച്ച് തൃശൂരിന് ചാമ്പ്യൻപട്ടം. ആവേശകരമായ മത്സരത്തിൽ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. കളിയുടെ തുടക്കം മുതൽതന്നെ തൃശൂർ കൃത്യമായ നീക്കങ്ങളോടെ നിയന്ത്രണം ഏറ്റെടുത്തു. നാല്, ആറ് മിനിറ്റുകളിൽ മികച്ച മുന്നേറ്റങ്ങളാണ് കണ്ണൂരിന്റെ ഗോൾമുഖത്ത് തൃശൂർ സൃഷ്ടിച്ചത്. 16ാം മിനിറ്റിൽ കണ്ണൂരിന്റെ മുന്നേറ്റതാരം വി.പി. മുഹമ്മദ് സഫാദിനെ ഫൗൾ ചെയ്തതിന് തൃശൂരിന്റെ ബോക്സിന് പുറത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാനായില്ല.
30ാം മിനിറ്റിൽ മുന്നേറ്റ താരം ആദിൽ അബ്ദുല്ലയെ ഫൗൾ ചെയ്തതിന് വീണ്ടും ഫ്രീകിക്ക് റഫറി അനുവദിച്ചെങ്കിലും അതും കണ്ണൂരിനെ രക്ഷിച്ചില്ല. 34ാം മിനിറ്റിൽ തൃശൂരിന്റെ മധ്യനിര താരം മുഹമ്മദ് സഫ്നീദ് നൽകിയ പാസ് മുന്നേറ്റതാരം മിഥിലാജ് മുതലാക്കിയതോടെ മുന്നിലെത്തി. 1-0ന് തൃശൂർ മുന്നിട്ടതോടെ കണ്ണൂർ മത്സരത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ കണ്ണൂരിന് തൃശൂരിന്റെ വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയിൽ ഊർജസ്വലതയോടെ കളിച്ച കണ്ണൂർ 60ാം മിനിറ്റിൽ ഫലവും കണ്ടു.
ക്യാപ്റ്റൻ റിസ്വാനലിയുടെ നീക്കത്തിലൂടെ പന്ത് വലയിലേക്ക് കുതിച്ചു. തുടർന്ന് ഇരുടീമും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. 83ാം മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ മുന്നേറ്റ താരം പി. സന്തോഷിനെ കണ്ണൂരിന്റെ ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിലൂടെ ലഭിച്ച ഫ്രീകിക്ക് തൃശൂർ മുതലെടുത്തു. പൊലീസ് താരം ബിജേഷ് ടി. ബാലൻ മനോഹരമായി പന്ത് കണ്ണൂരിന്റെ വലയിലാക്കി. ഗോളി കെ.പി. രതിൻലാലിന് കാഴ്ചക്കാരനായി നിൽക്കാേന സാധിച്ചുള്ളൂ. സമനിലക്കായി അവസാനം വരെ പൊരുതിയെങ്കിലും കണ്ണൂരിന് രക്ഷയുണ്ടായില്ല. തൃശൂരിന്റെ ബിജേഷ് ടി. ബാലന് കളിയിലെ മികച്ച താരമായി. തിരുവനന്തപുരത്തിന്റെ മുന്നേറ്റ താരം നിജോ ഗില്ബര്ട്ട് ടൂർണമെന്റിലെ മികച്ച താരവും മലപ്പുറത്തിന്റെ മുഹമ്മദ് അസ്കറിനെ മികച്ച ഗോളിയുമായി തിരഞ്ഞെടുത്തു.
മലപ്പുറം: നാലാം തവണയാണ് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ കപ്പുയർത്തുന്നത്. 1998ലായിരുന്നു ആദ്യം കിരീടം. ഇടുക്കിയെ ഒരു ഗോളിന് തോൽപിച്ചാണ് ചാമ്പ്യൻമാരായത്. 2007ലും 2019ലും ടീം കപ്പ് നേടിയിരുന്നു. 2021ൽ എറണാകുളത്ത് നടന്ന മത്സരത്തിൽ ഫൈനലിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ടൈബ്രേക്കറിൽ 4-2ന് കോഴിക്കോടാണ് അന്ന് ചാമ്പ്യൻപട്ടം നേടിയത്. 2022ൽ തൃശൂർ മത്സരത്തിന് ആതിഥ്യമരുളിയെങ്കിലും ടൂർണമെന്റിൽ കാസർകോടിനോട് തോറ്റ് പുറത്തുപോയി. കാസർകോട് കിരീടവും ചൂടി.
മലപ്പുറം: ലൂസേഴ്സ് ഫൈനലിൽ ഇടുക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് മലപ്പുറം മൂന്നാം സ്ഥാനം നേടി. ആദ്യ പകുതിയിൽ ഇരുടീമും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോളുകൾ നേടാനായില്ല. രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് നിസാമാണ് ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് (90+3) ബോക്സിൽ ഇടുക്കി പ്രതിരോധ താരങ്ങൾ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി, പകരക്കാരനായി ഇറങ്ങിയ മലപ്പുറത്തിന്റെ ജിഷ്ണു ബാലകൃഷ്ണൻ ഗോളാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.