തിരൂർ: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബിനെ കാണാതായി ഒടുവിൽ വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന് പൊലീസ്. കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്മെയിൽ സംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതാണ് ചാലിബിനെ നാടുവിടാൻ പ്രേരിപ്പിച്ചത്. ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
10,30,000 രൂപയാണ് ഡെപ്യൂട്ടി തഹസിൽദാറിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത്. കേസിൽ പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34), രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു തവണയായാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനു ശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ ചാലിബിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദത്തിലാക്കുകയും ചെയ്തു. തുടർന്നാണ് നാട്ടിൽനിന്ന് പോകാൻ അദ്ദേഹം തീരുമാനിച്ചത്.
പ്രതികളിലൊരാൾ നവംബർ ആറിന് വിളിച്ച് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് ചാലിബ് തിരൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയത്. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പിടിയിലായ പ്രതികൾ മുമ്പ് അടിപിടിക്കേസുകളിൽ ഉൾപ്പെട്ടവരാണ്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.