തിരൂർ: തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 2022 ജൂലൈ 19ന് തിരുവനന്തപുരത്ത് കായിക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ ചർച്ച ചെയ്തു.
തിരൂർ മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന എം.ഒ.യുവിൽ വേണ്ട മാറ്റങ്ങൾ സർക്കാറിലേക്ക് നൽകുന്നതിന് യോഗം നിർദേശം നൽകി. സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാനാവുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം നവീകരിക്കാൻ തിരൂർ നഗരസഭയുമായി കരാറിൽ ഏർപ്പെടാനിരുന്നെങ്കിലും അത് നിരാകരിച്ച് നഗരസഭ സ്വയം നവീകരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കിഫ്ബിയും സ്റ്റേഡിയം നവീകരിക്കാൻ പത്ത് കോടി രൂപ വകയിരുത്തിയിരുന്നു.
എന്നാൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച് തർക്കം ഉടലെടുത്തതിനാൽ തിരൂർ നഗരസഭ കരാർ ഒപ്പിടുന്നതിൽനിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഇടപെട്ടാണ് സ്പോർട്സ് കൗൺസിൽ അധികൃതരും കിഫ്ബി ഉദ്യോഗസ്ഥരും നഗരസഭ അധികൃതരും ചേർന്ന് യോഗം വിളിച്ചത്. യോഗത്തിൽ തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം എന്നിവർ ഓൺലൈനായും സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽ കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ബാബു രാജൻ, കിഫ്ബി േപ്രാജക്ട് മാനേജർ അബിലാഷ് വിജയൻ, കിഫ്ബി ഏരിയ േപ്രാജക്ട് മാനേജർ അൽവിൻ ജോസഫ് എന്നിവർ നേരിട്ടും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.