തിരൂർ: വിവാദങ്ങൾക്കിടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബന്ധപ്പെട്ടവരുടെ നിർദേശമില്ലാതെ തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലം തുറന്നു. തിങ്കളാഴ്ച രാവിലെ മുതൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മേൽപാലത്തിലൂടെ കടന്നുപോയി. ഞായറാഴ്ച മുതൽ ഇരുചക്ര വാഹനങ്ങൾ പോയിരുന്നു. എന്നാൽ, ആരാണ് പാലം തുറന്നത് എന്നതിന് ഉത്തരമില്ല. തുറന്നത് ആരെന്ന കാര്യം ബന്ധപ്പെട്ടവർക്കും അറിയില്ല. നേരത്തെ, ഓണത്തിരക്ക് ഒഴിവാക്കാൻ പുതിയ റെയിൽവേ ഓവർ ബ്രിഡ്ജ് റോഡ് താൽക്കാലികമായി തുറക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
എന്നാൽ, പാലത്തിന്റെ ബലപരിശോധന ഫലം വന്ന ശേഷം മാത്രം തുറന്നാൽ മതിയെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിക്കുകയായിരുന്നു. ഇത് വലിയ രാഷ്ട്രീയ പോരിനും പ്രതിഷേധത്തിനും വഴിവെച്ചു. പാലം ജനകീയമായി യു.ഡി.എഫ് തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, പൊലീസെത്തി അടച്ചു.
പാലം അനധികൃതമായി തുറന്നതിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. പോര് നിലനിൽക്കുന്നതിനിടെയാണ് ആഴ്ചകൾക്കു ശേഷം പാലം തുറന്നത്.അതേസമയം, മേൽപാലത്തിന്റെ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്നും തുറന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അനധികൃതമായി തുറന്ന സംഭവം അന്വേഷിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രതികരിച്ചു. ജനങ്ങൾ പാലം തുറന്നത് രാഷ്ട്രീയ പകപോക്കലിന്റെ പതനമാണെന്നും ജനങ്ങളുടെ വിജയമാണെന്നും തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.