മലപ്പുറം: പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനത്ത് ജില്ല ഒന്നാം സ്ഥാനത്ത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ പച്ചക്കറി ഉൽപാദനത്തിൽ 11.69 ശതമാനവും ജില്ലയിലാണ്. നേരത്തേ 11.47 ശതമാനത്തോടെ പാലക്കാട് ജില്ലയാണ് ഒന്നാമതുണ്ടായിരുന്നത്. നിലവിൽ പാലക്കാട് രണ്ടാം സ്ഥാനത്തും ഇടുക്കി (10.27 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. നാടൻ കൃഷിക്കാർക്ക് മികച്ച വിളവ് ലഭിച്ചതും ഗുണമായി. വയലുകളിലും തരിശുഭൂമികളിലും ഇടവിള കൃഷികൾ മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്.
മുരിങ്ങ, അമര, കയ്പ, വെണ്ട, വഴുതന, പച്ചമുളക്, കോവൽ, ചേന, മത്തൻ, വെള്ളരി, പയർ എന്നിവയാണ് ജില്ലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക മേഖലയിലേക്ക് കൂടുതൽ ആളുകൾ വന്നതും ഉൽപാദനം വർധിച്ചതുമാണ് ജില്ലക്ക് നേട്ടമായത്. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തത് കൃഷിക്ക് ദോഷം ചെയ്യുന്നതായി പറയുന്നു. മഴ കുറഞ്ഞതിനാൽ വരുംമാസങ്ങളിൽ വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥയിലാണ് കർഷകർ.
ജില്ലയിൽ കൂടുതൽ ഉൽപാദിപ്പിക്കുന്ന വിളകളിൽ ഒരുപടി മുന്നിലാണ് കമുക് കൃഷി. 18,769 ഹെക്ടറിലാണ് ജില്ലയിൽ കമുക് കൃഷിയുള്ളത്. സംസ്ഥാന തലത്തിൽ ജില്ലയാണ് ഒന്നാമത്. 18,469 ഹെക്ടർ കൃഷിയുള്ള കാസർകോട് രണ്ടാമതും 11,090 ഹെക്ടർ കൃഷിയുള്ള വായനാട് മൂന്നാം സ്ഥാനത്തുമാണ്. വിലയിൽ വന്ന വർധനവാണ് ആളുകളെ കമുക് കൃഷിയിലേക്ക് ആകർഷിക്കുന്നത്. നിലവിൽ അടക്ക പുതിയതിന് 37,500 മുതൽ 42,300 വരെ രൂപയും പഴയതിന് 37,000 -40,000 രൂപയും രണ്ടാം തരത്തിന് 30,000 -37,300 രൂപയും മാർക്കറ്റിൽ വിലയുണ്ട്.
ജില്ലയിൽ 92 ഹെക്ടർ ഭൂമിയിൽ വെറ്റില കൃഷി നടത്തുന്നുണ്ടെന്നാണ് കണക്ക്. തിരൂർ മേഖലയിലാണ് കൂടുതൽ ഉൽപാദനമുള്ളത്. തിരൂർ വെറ്റില ആഗോള ശ്രദ്ധയുള്ളതും വിപണിയിൽ മികച്ച വില ലഭിക്കുന്നതുമാണ്. വെറ്റില കൃഷി വ്യാപനത്തിന് തിരൂർ അടക്കം വിവിധ മേഖലകളിൽ കൃഷി വകുപ്പ് വ്യത്യസ്ത പദ്ധതികളാണ് നടപ്പാക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ആകെ 243 ഹെക്ടറിലാണ് വെറ്റില കൃഷിയുള്ളത്.
വിലത്തകർച്ചയിലും നാളികേര കൃഷിയിൽ ജില്ല രണ്ടാം സ്ഥാനത്താണ്. ജില്ലയിൽ 1,02,146 ഹെക്ടറിലാണ് നാളികേരം കൃഷി ചെയ്യുന്നത്. കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്. 1,13,211 ഹെക്ടർ കൃഷി. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 86,246 ഹെക്ടർ കൃഷിയാണുള്ളത്. നാളികേരത്തിന് വിലയിടിഞ്ഞിട്ട് മാസങ്ങളായിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. ഉൽപാദന ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതിനാൽ നിരവധി പേരാണ് മുൻ വർഷങ്ങളിൽ കൃഷി ഉപേക്ഷിച്ചത്. പിന്നീട് വില വർധിച്ചതിനെ തുടർന്നാണ് റബറും മറ്റും ഉപേക്ഷിച്ച് നാളികേര കൃഷിയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, വിലത്തകർച്ച കാരണം വീണ്ടും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
പച്ചക്കറി കൃഷിക്കും നാണ്യവിളകൾക്കും പുറമെ പഴവർഗത്തിലും ജില്ലയിൽ മുന്നേറ്റം. ചക്ക, മാങ്ങ, വാഴ, പൈനാപ്പിൾ, പപ്പായ തുടങ്ങിയ കൃഷിയിൽ സംസ്ഥാന തലത്തിൽ ജില്ല മൂന്നാമതാണ്. പാലക്കാട് ഒന്നാം സ്ഥാനത്തും ഇടുക്കി രണ്ടാം സ്ഥാനത്തുമായി മുന്നിലുണ്ട്. സംസ്ഥാനത്ത് ആകെ പഴവർഗ കൃഷിയുടെ 8.90 ശതമാനം ജില്ലയിൽനിന്നാണ്. ചക്ക കൃഷിയിൽ കാര്യമായ പുരോഗതിയാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. വിയറ്റ്നാം സൂപ്പർ ഏർലി, ജെ-33, ജാക്ക് ഡ്യാങ് സൂര്യ എന്നീ വിദേശിയിനം ചക്കകളും ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.