മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ബാക്കി നിൽക്കേ ട്രഷറികളിൽ തീരുമാനമാകാതെ കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ 2,747 ബില്ലുകൾ. ജില്ല പഞ്ചായത്തിന്റെ ബില്ലുകളാണ് പട്ടികയിൽ ഏറ്റവും കൂടുതലുള്ളത്. 236 ബില്ലുകളാണ് പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ചിട്ടും പാസാകാതെ ട്രഷറി വകുപ്പ് 'ക്യൂ' സംവിധാനത്തിലേക്ക് മാറ്റിയിരിക്കുന്നത്. പൊന്നാനി നഗരസഭയാണ് പട്ടികയിൽ രണ്ടാമത്. 105 ബില്ലുകൾ പൊന്നാനിയുടേത് മാറാനുണ്ട്.
50 ബില്ലുകളുള്ള മമ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാമതും 47 ബില്ലുകളുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നാലാമതുമാണ്. കീഴാറ്റൂർ പഞ്ചായത്ത് 39, എടവണ്ണ-അമരമ്പലം 38, മലപ്പുറം നഗരസഭ 37, ഊർങ്ങാട്ടിരി-കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ 36, പള്ളിക്കൽ 35, ആനക്കയം ഗ്രാമപഞ്ചായത്ത്-കുറ്റിപ്പുറം ബ്ലോക്ക് എന്നിവ 32, പൊന്നാനി ബ്ലോക്ക്-താനൂർ നഗരസഭ-കണ്ണമംഗലം-ആലങ്കോട് ഗ്രാമപഞ്ചായത്തുകൾ 31 വീതം, പുറത്തൂർ-തൃക്കലങ്ങോട്-മങ്കട ഗ്രാമപഞ്ചായത്തുകൾ 30 വീതം, തിരൂരങ്ങാടി ബ്ലോക്ക് 29, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് 28, തേഞ്ഞിപ്പലം-വട്ടംകുളം ഗ്രാമപഞ്ചായത്തുകൾ 27 വീതം, എടപ്പാൾ-കരുളായി ഗ്രാമപഞ്ചായത്തുകൾ-താനൂർ ബ്ലോക്ക് എന്നിവ 26 വീതം, വണ്ടൂർ ബ്ലോക്ക്-മേലാറ്റൂർ-നിറമരുതൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവ 25 വീതം എന്നിങ്ങനെയാണ് ക്യൂവിലെ ബില്ലുകൾ.
പട്ടികയിൽ ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപങ്ങൾ പൊന്മുണ്ടം, എടക്കര, മൊറയൂർ ഗ്രാമപഞ്ചായത്തുകളാണ്. പൊന്മുണ്ടത്ത് അഞ്ചും എടക്കരയിലും മൊറയൂരിലും ആറും ബില്ലുകളാണ് ക്യൂവിലുള്ളത്. 2023 ഒക്ടോബർ 31ന് ശേഷം ശമ്പളം, ലൈഫ് ഭവന പദ്ധതി, പൊതുമരാമത്ത്, മറ്റ് അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഒഴികെ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ ട്രഷറിയിൽ ക്യൂവിലേക്ക് മാറ്റിയിരിക്കുകയാണ്. ബില്ലുകൾ എന്ന് പാസാകുമെന്ന് കാര്യത്തിൽ നിർദേശം വന്നിട്ടില്ല. സർക്കാർ നിർദേശം ലഭിച്ചാൽ ബില്ലുകൾ ഉടൻ പാസാക്കുമെന്ന് ജില്ല ട്രഷറി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.