മലപ്പുറം: സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണത്തെ തുടർന്ന് ജില്ലയിലും ബില്ലുകൾ കെട്ടിക്കിടക്കുന്നു. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ നിലവിൽ ട്രഷറികൾ പാസാക്കുന്നില്ല. മെയിന്റനൻസ് ഗ്രാന്റ് ഉൾെപ്പടെ 850 ബില്ലുകളിലായി 19.08 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങളുടേതായി കെട്ടിക്കിടക്കുന്നത്. ഇതിൽ ജനറൽ വിഭാഗത്തിൽ 438 ബില്ലുകളിൽ 987.59 ലക്ഷമാണ് ഉൾപ്പെട്ടത്. റോഡുകളുടെ അറ്റകുറ്റപ്പണി ഇനത്തിൽ 100 ബില്ലുകളിലായി 2.53 കോടിയും കെട്ടിട നിർമാണ ഇനത്തിൽ 204 ബില്ലുകളിലായി 3.24 കോടിയും ലഭിക്കാനുണ്ട്.
ട്രഷറി നിയന്ത്രണം പദ്ധതികളെ കാര്യമായി ബാധിച്ചതായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പറയുന്നു. പൂർത്തീകരിച്ച പ്രവൃത്തികളുടെ പണവും ലഭിക്കാത്തത് തുടർപ്രവൃത്തികൾക്ക് തിരിച്ചടിയായി. തനത് സാമ്പത്തിക വർഷം ജില്ലയിൽ 820.60 കോടിയുടെ പ്രവൃത്തികളാണ് തീർക്കാനുള്ളത്. ആദ്യ പകുതിയിലെത്തുമ്പോഴും 140.11 കോടിയുടെ (17.07 ശതമാനം) പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ഡിസംബറിനകം 90 ശതമാനം ഫണ്ടും വിനിയോഗിച്ചില്ലെങ്കിൽ സ്പിൽഓവർ അംഗീകരിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണം കാരണം ഈ സാമ്പത്തിക വർഷം പകുതി തുക പോലും സമയബന്ധിതമായി ചെലവഴിക്കുക വെല്ലുവിളിയാകുമെന്ന് തദ്ദേശ ഭരണസമിതികൾ പറയുന്നു.
അതേസമയം, അഞ്ച് ലക്ഷത്തിന് താഴെയുള്ള ബില്ലുകളും പാസാക്കാത്ത സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ലൈഫ് മിഷൻ പദ്ധതിയെയും ട്രഷറി നിയന്ത്രണം ബാധിച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ വിഹിതമായി ഒരു ഗുണഭോക്താവിന് 40,000 രൂപയാണ് അനുവദിക്കേണ്ടത്. അഞ്ചുപേർക്ക് വീതം ഒന്നിച്ച് തുക അനുവദിക്കുന്നതാണ് രീതി. അഞ്ച് ലക്ഷമാണ് ട്രഷറി നിയന്ത്രണത്തിൽ പരിധി വെച്ചതെങ്കിലും ഇതിലും താഴെയുള്ള തുകയും പാസാക്കാത്തതിന്റെ തെളിവായി ലൈഫ് മിഷനെ പഞ്ചായത്ത് ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നു. ജനകീയ ഹോട്ടലുകൾക്കുള്ള വാടക സബ്സിഡി നൽകാനുള്ള 1,20,000 രൂപയുടെ ബില്ലും പാസാക്കിയിട്ടില്ല. പദ്ധതി തുക ചെലവഴിക്കലിൽ മലപ്പുറം ജില്ല സംസ്ഥാനത്ത് നിലവിൽ ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.