മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളമാകെ ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിലും ഇളകാത്ത ജില്ലയിലെ യു.ഡി.എഫ് കോട്ടകൾ കൂടുതൽ ഭദ്രമായതായി കണക്കുകൾ. 2016നെ അപേക്ഷിച്ച് 2.18 ശതമാനം വോട്ട് വർധനവാണ് 2021ൽ ഐക്യജനാധിപത്യ മുന്നണിക്കുണ്ടായത്. ഇടത് മുന്നണി വോട്ട് 1.38 ശതമാനവും വർധിച്ചു. അതേസമയം, എൻ.ഡി.എക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് ജില്ല നൽകിയത്. ഇവരുടെ വോട്ട് വിഹിതം 1.51 ശതമാനം കുറഞ്ഞു.
നേട്ടം ഐക്യമുന്നണിക്ക്; തിരിച്ചടിയേറ്റ് ബി.ജെ.പി
യു.ഡി.എഫ് 12,33,395 (49.06 ശതമാനം), എൽ.ഡി.എഫ് 10,66,755 (42.43), എൻ.ഡി.എ 1,47,295 (5.86) വോട്ട് എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്നത്. 2016ൽ ഇത് യു.ഡി.എഫ് 10,82,429 (46.88), എൽ.ഡി.എഫ് 9,47,956 (41.05), എൻ.ഡി.എ 1,70,105 (7.37) വോട്ട് എന്നിങ്ങനെയായിരുന്നു. ആകെ വോട്ടർമാരുടെ എണ്ണം കൂടിയിട്ടും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ വോട്ടിൽ 22,810െൻറ കുറവാണുണ്ടായിരിക്കുന്നത്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ വോട്ട് വ്യത്യാസം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 1.34 ലക്ഷമായിരുന്നെങ്കിൽ ഇക്കുറി 1.66 ലക്ഷമായി.
വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയർത്തി ഏഴ് ലീഗ് മണ്ഡലങ്ങൾ
കൊണ്ടോട്ടി, ഏറനാട്, മങ്കട, തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കോട്ടക്കൽ എന്നീ ഏഴ് മണ്ഡലങ്ങളിലും വോട്ട് വിഹിതവും ഭൂരിപക്ഷവും കൂടിയിട്ടുണ്ട്. മലപ്പുറത്ത് വോട്ട് ശതമാനത്തിൽ നേരിയ വർധനയുണ്ടെങ്കിലും ഭൂരിപക്ഷത്തിൽ 400ൽപ്പരം വോട്ടിെൻറ കുറവുണ്ടായി. വേങ്ങര, മഞ്ചേരി, പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് വോട്ടിൽ ഇടിവുണ്ടായത്. യു.ഡി.എഫ് വോട്ട് വിഹിതം 60.28 ശതമാനത്തിൽ നിന്ന് 53.50ലേക്ക് താഴ്ന്ന വേങ്ങരയിൽ ഭൂരിപക്ഷത്തിൽ എട്ടായിരത്തോളം വോട്ടിെൻറ കുറവും രേഖപ്പെടുത്തി. മഞ്ചേരിയിലും ഭൂരിപക്ഷത്തിൽ 5000 വോട്ടിെൻറ ഇടിവ്. പെരിന്തൽമണ്ണയിൽ 579 ഉണ്ടായിരുന്നത് 38ലേക്ക് വീണ്ടും താഴ്ന്നു.
പൊന്നാനിയിൽ ഇടത് കുതിപ്പ്; താനൂരിലും മികവ് കാട്ടി
മൂന്നിടത്ത് ഭൂരിപക്ഷം കുറഞ്ഞെങ്കിലും നാല് സിറ്റിങ് സീറ്റുകളും നിലനിർത്താനായത് എൽ.ഡി.എഫിനെ സംബന്ധിച്ച് നേട്ടമാണ്. ലീഗ് കോട്ടയായ താനൂരും കോൺഗ്രസ് കുത്തകയാക്കിയ നിലമ്പൂരും കഴിഞ്ഞ തവണ പിടിച്ചെടുക്കുകയായിരുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വൻ ലീഡ് നേടിയ യു.ഡി.എഫിനെ 985 വോട്ടിനാണെങ്കിലും വീഴ്ത്താനായത് എൽ.ഡി.എഫിനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഭൂരിപക്ഷത്തിൽ വലിയ ചോർച്ചയുണ്ടായിട്ടും നിലമ്പൂരും തവനൂരും നിലനിർത്തി. അതേസമയം, പൊന്നാനിയിൽ ഇടതുപക്ഷത്തിെൻറ ലീഡ് 15640ൽ നിന്ന് 17043 ആയി ഉയർന്നു. ജില്ലയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കൂട്ടിയ ഏക മണ്ഡലമായി സി.പി.എമ്മിെൻറ കൈവശമുള്ള പൊന്നാനി.
കൂട്ടിക്കിഴിച്ചാൽ കോൺഗ്രസിന് ക്ഷീണം
2011ൽ രണ്ട് മണ്ഡലങ്ങൾ ജയിച്ച കോൺഗ്രസ് 2016ലെ പോലെ ഇത്തവണയും ഒന്നിലൊതുങ്ങി. വിജയിച്ച വണ്ടൂരിലാവട്ടെ അപ്രതീക്ഷിത വോട്ട് ചോർച്ചയുമുണ്ടായിട്ടുണ്ട്. ഭൂരിപക്ഷം 23864ൽ നിന്ന് 15,563 ആക്കി കുറക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞു. പൊരുതിയിട്ടും നിലമ്പൂർ തിരിച്ചുപിടിക്കാനായില്ല. തവനൂരിൽ എൽ.ഡി.എഫിെൻറ ഭൂരിപക്ഷം കുറഞ്ഞതിെൻറ ക്രെഡിറ്റ് കോൺഗ്രസിന് അവകാശപ്പെടാനും കഴിയില്ല. അതേസമയം, പൊന്നാനിയിൽ കഴിഞ്ഞ തവണ തോറ്റതിനേക്കാൾ ഏറിയ വ്യത്യാസത്തിലായിരുന്നു ഇത്തവണത്തെ വീഴ്ച.
മണ്ഡലം, വോട്ട് വിഹിതം,
ഭൂരിപക്ഷം (2016 - 2021 ക്രമത്തിൽ)
കൊണ്ടോട്ടി - 46.77/39.61%, 50.42/39.66%, 10654/17666
ഏറനാട് - 51.00/41.48%, 54.49/38.76%, 12893/22546
നിലമ്പൂർ - 41.15/48.28%, 45.34/46.90%, 11504/ 2700
വണ്ടൂർ - 52.87/37.48%, 51.44/42.28%, 23864/15563
മഞ്ചേരി - 50.55/36.34%, 50.22/40.93%, 19616/ 14573
പെരിന്തൽമണ്ണ - 47.04/46.66%, 46.21/46.19%, 579/ 38
മങ്കട - 46.23/45.22%, 49.46/45.75%, 1508/6246
മലപ്പുറം - 57.50/32.20%, 57.57/35.82%, 35672/ 35208
വേങ്ങര - 60.28/28.50%, 53.50/30.24%, 38057/30596
വള്ളിക്കുന്ന് - 43.68/34.45%, 47.43/38.11%, 12610/ 14116
തിരൂരങ്ങാടി - 46.75/42.26%, 49.74/43.26%, 6043/ 9578
താനൂർ - 42.46/45.96%, 45.70/46.34%, 4918/ 985
തിരൂർ - 47.05/42.53%, 48.21/43.98%, 7061/7214
കോട്ടക്കൽ - 48.60/38.41%, 51.08/40.71%, 15042/ 16588
തവനൂർ - 36.08/48.13%, 44.77/46.46%, 17064/ 2564
പൊന്നാനി - 38.04/49.12%, 39.63/51.35%, 15640/ 17043
ജില്ലതല വോട്ട് നില,
ശതമാനം (2016 - 2021)
-യു.ഡി.എഫ്: 10,82,429 (46.88%), 12,33,395 (49.06%)
-എൽ.ഡി.എഫ്: 9,47,956 (41.05%), 10,66,755 (42.43%)
-എൻ.ഡി.എ: 1,70,105 (7.37%), 1,47,295 (5.86%)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.