മലപ്പുറം: ജില്ലയിൽ വാക്സിനെടുത്തവരുടെ എണ്ണം സംബന്ധിച്ച കണക്കുകളിൽ പൊരുത്തക്കേട്. കോവിഡ് പ്രതിരോധ വാക്സിനെടുത്തവരുടെ എണ്ണം എല്ലാ ദിവസവും ജില്ലയിലെ ആരോഗ്യ വകുപ്പ് മാധ്യമങ്ങൾക്ക് നൽകാറുണ്ട്. ഇതനുസരിച്ച് ആഗസ്റ്റ് 13 വരെ 18,31,199 പേർക്ക് ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായാണ് ജില്ല ഭരണകൂടത്തിെൻറ കണക്ക്. വാക്സിൻ സ്വീകരിച്ചവരുടെ മൊത്തം കണക്കാണിത്. എന്നാൽ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിൽ ആഗസ്റ്റ് 12ന് തന്നെ നൽകിയിരിക്കുന്ന ജില്ലകളുടെ പട്ടികയിൽ മലപ്പുറത്ത് മൊത്തം 18,53,175 പേർ വാക്സിൻ എടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് കിട്ടിയ കണക്കനുസരിച്ച് വ്യാഴാഴ്ച തന്നെ ഇത്രയും പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഒരു ദിവസം കഴിഞ്ഞ് ആഗസ്റ്റ് 13ന് ജില്ല ഭരണകൂടം നൽകിയ കണക്കിൽ 21976 പേരുടെ കുറവ് വന്നതെങ്ങനെയെന്ന് വ്യക്തമല്ല.
ആഗസ്റ്റ് 12ന് വ്യാഴാഴ്ച ജില്ല ഭരണകൂടം മാധ്യമങ്ങൾക്ക് നൽകിയ കണക്കിലുമുണ്ട് വലിയ അന്തരം. ഇതനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് വരെ 18,04,129 പേരാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിെൻറ സൈറ്റിൽ ഒരു ദിവസം മുമ്പത്തെ കണക്കിൽ 18,24,666 പേർ എന്നാണുള്ളത്. 20,537 എണ്ണത്തിെൻറ വ്യത്യാസം. ഇത്രയും വലിയ വ്യത്യാസം വന്നത് എങ്ങനെയാണെന്ന് അധികൃതർക്കും വലിയ പിടിയില്ല.
• ഒന്നും രണ്ടും ഡോസ് എടുത്തവരുടെ കണക്കിലും അന്തരം
ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവരുടെ എണ്ണത്തിലും ഡയറക്ടറേറ്റിെൻറ കണക്കുമായി ഒത്തുനോക്കിയാൽ പതിനായിരങ്ങളുടെ വ്യത്യാസമുണ്ട്. ജില്ലയിലെ കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ ആദ്യ ഡോസ് സ്വീകരിച്ചവർ 12,84,510 പേരാണ്. എന്നാൽ, ഡയറക്ടേററ്റിെൻറ കണക്കിൽ വ്യാഴാഴ്ച തന്നെ ഇത് 13,04,238 പേരാണ്.
രണ്ടാം ഡോസ് സ്വീകരിച്ചവർ ജില്ല ഭരണകൂടത്തിെൻറ കണക്കിൽ 5,46,689 പേരാണെങ്കിൽ ആരോഗ്യ വകുപ്പിേൻറത് ഒരു ദിവസം മുമ്പ് തന്നെ 5,48,937 എന്നാണ്. ഡയറക്ടറേറ്റ് വെബ്സൈറ്റിൽ വിവരം അവസാനമായി അപ്ഡേറ്റ് ചെയ്ത വ്യാഴാഴ്ച ജില്ല ഭരണകൂടം മാധ്യമങ്ങൾക്ക് നൽകിയ കണക്ക് പരിശോധിച്ചാലും എണ്ണത്തിൽ വലിയ അന്തരമുണ്ട്.
• എന്ന് തീരും കുത്തിവെപ്പ് ?
നിലവിലെ മെല്ലെപ്പോക്ക് തുടരുകയാണെങ്കിൽ ജില്ലയിലെ മുഴുവനാളുകൾക്കും വാക്സിൻ ലഭിക്കണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. സർക്കാർ കണക്കനുസരിച്ച് 18 വയസ്സ് കഴിഞ്ഞ 31,34,075 പേർക്കാണ് ജില്ലയിൽ വാക്സിൻ നൽകാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ജനുവരിയിലാണ് കുത്തിവെപ്പ് തുടങ്ങിയത്.
എട്ട് മാസങ്ങൾക്കിപ്പുറവും 5,48,937 പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചത്. വാക്സിൻ നൽകേണ്ട മൊത്തം ജനസംഖ്യയുടെ 18 ശതമാനം മാത്രമാണ് ഇപ്പോഴും പൂർത്തിയാക്കാനായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കിടപ്പു രോഗികൾക്ക് ആഗസ്റ്റ് 15നകം വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും അതും പൂർത്തിയാക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.