മലപ്പുറം: ആരോഗ്യവകുപ്പ് നേതൃത്വത്തിൽ വാക്സിൻ വിതരണം ത്വരിത വേഗതയിൽ നടത്തുേമ്പാഴും ജില്ലക്ക് വാക്സിൻ കിട്ടാക്കനിയായി തുടരുന്നു. സംസ്ഥാന സർക്കാർ ജില്ലക്ക് അനുവദിക്കുന്ന വാക്സിെൻറ കുറവ് തന്നെയാണ് പ്രധാന പ്രശ്നം. വാക്സിൻ കിട്ടുന്ന മുറക്ക് വിതരണം ചെയ്യുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണ്.
വാക്സിൻ ലഭിക്കുന്നതിന് ജനപ്രതിനിധികളെ ബന്ധപ്പെട്ടാൽ എത്തിയിട്ടില്ല എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നത്. സ്റ്റോക്കുണ്ട് എന്ന് അറിഞ്ഞാൽ വിതരണ കേന്ദ്രത്തിലേക്ക് ജനം ഇരച്ചുകയറുകയാണ്. ഇത് മൂലം ചില തദ്ദേശ സ്ഥാപനങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ വാക്കേറ്റവും പതിവാണ്. വാക്സിനായി രജിസ്റ്റർ ചെയ്ത് ഓൺലൈനിൽ ലഭ്യമാവാത്തവരും ആദ്യ ഡോസ് സ്വീകരിച്ച വയോധികർ അടക്കമുള്ളവർക്ക് ദിവസങ്ങൾ കാത്തിരുന്നിട്ടും കിട്ടാത്ത സാഹചര്യവുമുണ്ട്.
ബുധനാഴ്ച വരെ എത്തിയത് 30,000 ഡോസ്
സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 31 വരെ കോവിഡ് വാക്സിൻ വിതരണയജ്ഞം നടക്കുകയാണ്. ചൊവ്വാഴ്ച 30,000 വാക്സിനാണ് എത്തിയത്. ബുധനാഴ്ച ഒരു ലക്ഷം ഡോസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് 15നു മുമ്പ് മുതിർന്നവർക്കുള്ള വിതരണം പൂർത്തിയാക്കാനാണ് ശ്രമം. ഏകദേശം ഒന്നര ലക്ഷത്തോളം പേർ കൂടി വാക്സിൻ സ്വീകരിക്കാനുണ്ടെന്ന് അധികൃതർ പറയുന്നു.
15നു മുമ്പ് കിടപ്പുരോഗികൾക്ക് വീട്ടിൽ ചെന്ന് വാക്സിൻ നൽകും. ഓരോ പഞ്ചായത്തിലും ജനപ്രതിനിധികളുടെയും ആര്.ആര്.ടിമാരുടെയും നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ ഈ വിഭാഗത്തില്‍ പെടുന്നവരുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കും. റവന്യൂ, പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷന്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിന് നടപ്പാക്കുന്നത്. ഒരു ഡോസ് വാക്സിന് എങ്കിലും ലഭ്യമാക്കും. രോഗം ഗുരുതരം ആകാനുള്ള സാഹചര്യം ഒഴിവാക്കുകയും മരണ സാധ്യത കുറക്കുകയും ചെയ്യുക എന്നതാണ് ആരോഗ്യവകുപ്പിെൻറ ലക്ഷ്യം.
കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ബഹളം പതിവ്
വിതരണത്തിലെ അപാകതകളും രാഷ്ട്രീയക്കാരുടെ കൈകടത്തലുകളും കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ബഹളത്തിനും തർക്കങ്ങൾക്കും ഇടയാക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പലയിടങ്ങളിലും ലംഘിക്കപ്പെടുന്നതും നിത്യ കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിൽ വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതവും അപാകതയും ആരോപിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
സ്റ്റോക്ക് വെക്കില്ല, പരമാവധി വിതരണം
മലപ്പുറം താലൂക്ക് ആശുപത്രിക്ക് കീഴിൽ ഗേൾസ് സ്കൂൾ, സ്പിന്നിങ് മിൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്യാമ്പ് നടത്തി. സ്റ്റോക്ക് ഉണ്ടായിരുന്നത് ഉൾപ്പെടെ 1200 പേർക്ക് വിതരണം ചെയ്തു. കിടപ്പുരോഗികൾക്ക് വാക്സിൻ വിതരണം പൂർത്തിയായിട്ടുണ്ട്. വയോധികർക്കുള്ള വിതരണം ഇനിയും പല വാർഡുകളിലും പൂർത്തിയാക്കാനുണ്ട്. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ 65 ശതമാനം കിടപ്പുരോഗികൾക്ക് വാക്സിൻ വിതരണം ചെയ്തു. വയോധികർക്ക് 40 ശതമാനവും വിതരണം ചെയ്തു. ചൊവ്വാഴ്ച 40 പേർക്ക് ഒന്നാം ഡോസും 240 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. ആശുപത്രിയിൽ സജ്ജീകരണങ്ങളുണ്ടെങ്കിലും വാക്സിൻ കിട്ടാനില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കീഴിൽ വാക്സിൻ ക്ഷാമം മൂലം തിങ്കളാഴ്ച തന്നെ വിതരണം നിർത്തിവെച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നിലമ്പൂർ മേഖലയിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നില്ല. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുമുണ്ട്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് കീഴിൽ 18-45 പ്രായമുള്ളവരിൽ 60 ശതമാനം വാക്സിനേഷൻ പൂർത്തിയായി. വയോധികരിൽ 88 ശതമാനവും പൂർത്തിയായി.
കിടപ്പുരോഗികൾക്ക് വീട്ടിൽ എത്തിച്ച് ഇതുവരെ നൽകിയിട്ടില്ല. പെരിന്തൽമണ്ണ നഗരസഭയിൽ അഞ്ഞൂറോളം ഡോസ് വാക്സിൻ ചൊവ്വാഴ്ച നൽകി. 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും വാക്സിൻ നൽകുന്നത് ഒാരോ വാർഡും സമ്പൂർണമായി ആണ്. ആറു വാർഡ് പൂർത്തിയായി. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി തദ്ദേശ സ്ഥാപനങ്ങളിൽ വാക്സിനേഷൻ വിതരണം പുരോഗമിക്കുന്നുണ്ട്.
വിതരണം ചെയ്തത് 17.95 ലക്ഷം ഡോസ്
ജില്ലയില്‍ ഇതുവരെ 17,95,151 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു. ഇതില്‍ 12,51,391 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് മാത്രവും 5,43,760 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള 3,73,161 പേര്‍ക്കാണ് ഒന്നാം ഡോസ് വാക്സിന് നല്‍കിയത്. ഈ വിഭാഗത്തില്‍ 91,124 പേര് രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചു. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 7,77,111 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 3,89,315 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും വിതരണം ചെയ്തു.
കോവിഡ്: ജില്ലയില്‍ പരിശോധന സ്ഥിരീകരണ നിരക്ക് 18.67 ശതമാനം
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച കോവിഡ് പരിശോധന സ്ഥിരീകരണ നിരക്ക് 18.67 ശതമാനം രേഖപ്പെടുത്തിയതായി ഡി.എം.ഒ ഡോ. കെ. സക്കീന അറിയിച്ചു. 3,109 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 2,940 പേര് രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4,08,814 ആയി. ജില്ലയില്‍ ഇതുവരെ 1,713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ജില്ലതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ആറ് പഞ്ചായത്തുകളിൽ കർശന ലോക്ഡൗൺ
മലപ്പുറം: പ്രതിവാര രോഗബാധ ജനസംഖ്യ നിരക്ക് എട്ടിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കർശന ലോക്ഡൗൺ ആയി കലക്ടർ പ്രഖ്യാപിച്ചു. ചാലിയാർ, ചുങ്കത്തറ, എടക്കര, മൂർക്കനാട്, പോത്തുകല്ല്, പുലാമന്തോൾ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് കർശന ലോക്ഡൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.