മലപ്പുറം: ജില്ല ഹയർ സെക്കൻഡറി ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്താത്ത നിലയിൽ 790 രൂപ കണ്ടെത്തി.
ചില ഉദ്യോഗസ്ഥർ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ പണമെത്തിയത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. 2019 മുതലുള്ള ഹയർ സെക്കൻഡറി എയ്ഡഡ് സ്കൂളുകളിലെ നിയമനം അംഗീകരിക്കൽ, റെഗുലറൈസേഷൻ എന്നിവ സംബന്ധിച്ച അപേക്ഷകളിൽ മാസങ്ങളോളം കാലതാമസം വരുത്തിയതായി പരിശോധനയിൽ കണ്ടെത്തി. മേലുദ്യോഗസ്ഥർ നടത്തേണ്ട മാസാന്ത്യ പരിശോധന നടത്താതിരിക്കൽ, ഓഫിസിലെ രജിസ്റ്ററുകളും മറ്റു രേഖകളും കൃത്യമായി പരിപാലിക്കാതിരിക്കൽ തുടങ്ങിയവയായിരുന്നു മറ്റു ക്രമക്കേടുകൾ.
സംസ്ഥാന വ്യാപകമായി തുടങ്ങിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ജില്ല ആസ്ഥാനത്തെയും പരിശോധന. രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കുശേഷമാണ് അവസാനിച്ചത്. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് ഷഫീക്കിന്‍റെ നേതൃത്വത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസിലെ ഗെസറ്റ് ഉദ്യോഗസ്ഥനായ സി.പി. സലീം, വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ യൂസഫ്, അസി. ഇൻസ്പെക്ടർമാരായ ഹനീഫ, മോഹന കൃഷ്ണൻ വിജിലൻസ് ഉദ്യോഗസ്ഥരായ രത്നകുമാരി, സുബിൻ, പ്രജിത്ത്, ശിഹാബ്, മണികണ്ഠൻ, സുനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.