മലപ്പുറം: പുതിയ മലപ്പുറം ജില്ല കലക്ടറായി വി.ആർ. വിനോദ് ചുമതലയേൽക്കും. നിലവിലെ ജില്ല കലക്ടർ വി.ആർ. പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി മാറ്റിയ സാഹചര്യത്തിലാണ് വി.ആർ വിനോദ് ചുമതലയേൽക്കുക. വിനോദ് നിലവിൽ ഭക്ഷ്യ സുരക്ഷ കമീഷണറാണ്.
സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ നടത്തിയ അഴിച്ചുപണിയിൽ ആറ് ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. മലപ്പുറം കൂടാതെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കലക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ട് എം.ഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്‌ദുല്ലക്ക് പകരമാണ് നിയമനം.
ആലപ്പുഴ ജില്ല കലക്ടറായിരുന്ന ഹരിത വി. കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവൽ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ. ഷിബു പത്തനംതിട്ട ജില്ല കലക്ടറാകും.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസാണ് പുതിയ കൊല്ലം കലക്ടർ. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുൺ കെ. വിജയനെ കണ്ണൂർ കലക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.