എടവണ്ണ: പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലയില്‍ 14 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളില്‍ ക്യു.ആര് കോഡ് സേനാംഗങ്ങള്‍ പതിച്ചു തുടങ്ങി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുഴുവന്‍ വീടുകളിലും ക്യു.ആര് കോഡ് പതിച്ചു. ബാക്കി വാര്‍ഡുകളില്‍ വരുംദിവസങ്ങളില്‍ സേനാംഗങ്ങള്‍ എത്തും. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 19ന് കുടുംബശ്രീ യോഗം പഞ്ചായത്തില്‍ നടക്കും.
എടവണ്ണ സീതിഹാജി സ്കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ വീടുകളില്‍ എത്തുന്നത്. ആപ്ലിക്കേഷന്റെ ഭാഗമാകുന്ന വീട്ടുകാര്‍ക്ക് പരാതികള്‍ അറിയിക്കാനും ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള കസ്റ്റമര്‍ ആപ്പും നല്‍കും. കെല്‍ട്രോണിന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പൊതുവിവര ശേഖരണവും മാലിന്യ സംസ്കരണം, കൃഷി തുടങ്ങിയ മേഖലകളിലെയും വിശദാംശങ്ങള്‍ ശേഖരിക്കും.
ചാത്തല്ലൂര്‍ ഒന്നാം വാര്‍ഡില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ടി. അന്‍വര്‍, പഞ്ചായത്ത് സെക്രട്ടറി ജെ. ജ്യോതി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. ജാഫര്‍ എന്നിവരും പങ്കെടുത്തു.
എടക്കര: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന് ചുങ്കത്തറയില്‍ തുടക്കമായി. വാര്‍ഡുകളിലെ വിവരങ്ങള്‍ ശേഖരിച്ച് ക്യു.ആര് കോഡ് പതിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം.കെ. നജ്മുന്നിസ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി കെല്‍ട്രോണിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹരിത കര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതോടൊപ്പം പൊതുജങ്ങള്‍ക്ക് ശുചിത്വമാലിന്യ സംസ്കരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സഹായകമാവും. ശുചിത്വ മാലിന്യ ശേഖരണ സംസ്കരണവുമായി ബന്ധപ്പെട്ട് യൂസര്‍ ഫീയുടെ വിശദാംശങ്ങള്‍, ശേഖരിക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ അറിയാനും സംസ്ഥാനതലം മുതല്‍ തദ്ദേശസ്ഥാപന വാര്‍ഡ്തലം വരെ മേല്‍നോട്ടവും നിരീക്ഷണവും സുഗമമാക്കുന്നതിനും ഹരിത മിത്രത്തിലൂടെ സാധിക്കും.
പൊതുജനങ്ങള്‍ക്ക് വാതില്‍പ്പടി സേവനം സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനും അശാസ്ത്രീയ മാലിന്യസംസ്കരണ രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഹരിതമിത്രത്തിലൂടെ സാധ്യമാണ്.
അംഗങ്ങളായ ബിനീഷ് കൊച്ചുപറമ്പില്‍, ഷാജഹാന് ചേലൂര്‍, മുജീബ് തറമ്മല്‍, അസി. സെക്രട്ടറി രേണുക, വി.ഇ.ഒ മനോജ്, ലില്ലി, നാദിര്‍ഷ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.