മലപ്പുറം: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ പൈപ്പുകളുപയോഗിച്ച് കുഴൽക്കിണർ നിർമാണം കൂടുന്നതായി ആക്ഷേപം. രജിസ്ട്രേഷനില്ലാത്ത ചില ഏജൻസികളാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വിലകുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ച് കുഴൽക്കിണർ നിർമാണം നടത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം പൈപ്പുകൾ ഉപയോഗിക്കുന്നതായി വിവരമുണ്ട്. പെട്ടെന്നുതന്നെ പൊട്ടിപ്പോകുന്ന പൈപ്പുകൾമൂലം പല കുഴൽക്കിണറിലും വേഗത്തിൽ ചളി നിറയുന്നതായും കുഴൽക്കിണർ കാലക്രമേണ നശിച്ചുപോകുന്നതായും പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പൈപ്പുകൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. സർക്കാർ മാനദണ്ഡപ്രകാരം ഐ.എസ്.ഐ മാർക്കുള്ള പൈപ്പുകളാണ് കുഴൽക്കിണറുകളിൽ ഉപയോഗിക്കേണ്ടത്. ആറുമീറ്റർ നീളമുള്ള ഐ.എസ്.ഐ മാർക്കുള്ള പി.വി.സി. കേയ്സിങ് പൈപ്പുകൾക്ക് വിപണിയിൽ ശരാശരി 4000 മുതൽ 4500 രൂപവരെ വിലയുണ്ട്. എന്നാൽ, രജിസ്ട്രേഷൻ ഇല്ലാത്ത കുഴൽക്കിണർ നിർമാതാക്കൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് 2500 രൂപക്ക് താഴെ ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത പി.വി.സി പൈപ്പുകളാണ് ഉപയോഗിക്കുന്നത്.
സ്വകാര്യവ്യക്തികൾക്കുള്ള കുടിവെള്ള പദ്ധതികളിലും ചില തദ്ദേശസ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികളിലും ഉൾപ്പെടെ ഇത്തരം നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാണുമ്പോൾ ഒരുപോലെയുള്ള പൈപ്പുകൾ ഉപയോഗിച്ച്, ഗുണഭോക്താക്കളെ വഞ്ചിച്ചാണ് പല ഏജൻസികളും നിർമാണം നടത്തുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. സ്വകാര്യ ഏജൻസികളുടെ തട്ടിപ്പ് മൂലം സർക്കാറിനും വലിയ സാമ്പത്തികനഷ്ടം ഉണ്ടാവുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിഗ് ഓണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി ജില്ല കലക്ടർ, ഭൂജല വകുപ്പ് ജില്ല ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ച് കുഴൽകിണർ നിർമാണം നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ഭൂജല വകുപ്പ് ജില്ല ഓഫിസർ അനിത നായർ 'മാധ്യമ'ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.