വാഴക്കാട്: 2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മുഖം. പ്രളയജലത്തിൽ മുങ്ങി പൂർണമായും ഉപയോഗശൂന്യമായ പ്രാഥമികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായാണ് വി.പി.എസ് ഹെൽത്ത്കെയർ 10 കോടി െചലവിൽ പുനർനിർമിച്ചത്. അത്യാധുനിക സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കിയത്.
അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂനിറ്റും പ്രവർത്തന സജ്ജം. പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും.
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് (ഐ.ഐ.ടി) കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ഘടന വികസിപ്പിച്ചെടുത്തത്.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിലെ ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന തയാറാക്കി. പ്രകൃതി ദുരന്തങ്ങളിൽ കേടുപാടുകൾ പറ്റാതിരിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയ ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് ജിപ്സം (ജി.എഫ്.ആർ.ജി) പാനൽ സാങ്കേതികവിദ്യയിലാണ് നിർമാണം. ഡെൻറൽ ക്ലിനിക്, ജിം, ഡയറ്റ് ക്ലാസുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
15,000 ചതുരശ്രയടി വിസ്തീർണമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ എമർജൻസി റൂം, മിനി ഓപറേഷൻ തിയറ്റർ, ഡോക്ടർമാരുടെ കൺസൽട്ടിങ് മുറികൾ, നഴ്സിങ് സ്റ്റേഷൻ,
മെഡിക്കൽ സ്റ്റോർ, വാക്സിൻ സ്റ്റോർ, സാമ്പ്ൾ കലക്ഷൻ സെൻറർ, വിഷൻ ആൻഡ് ഡെൻറൽ ക്ലിനിക്, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവയുണ്ട്. ആധുനിക കോൺഫറൻസ് ഹാളും അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളുമാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലമാണ് മറ്റൊരു പ്രത്യേക സവിശേഷത. ഭിന്നശേഷി സൗഹൃദമായതിനാൽ ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങളും ലഭ്യം.
സ്വപ്നപദ്ധതി യാഥാർഥ്യമാക്കിയത്ജനകീയ കൂട്ടായ്മ
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാക്കളിലൊന്നായ വി.പി.എസ് ഹെൽത്ത്കെയർ വാഴക്കാട് എഫ്.എച്ച്.സി പദ്ധതിക്ക് നേതൃത്വം നൽകിയപ്പോൾ പല തലങ്ങളിലായി പങ്കാളികളായത് സാധാരണക്കാർ മുതൽ വിദഗ്ധർ വരെയുള്ളവരുടെ വൻ നിര. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയെന്നതിനേക്കാളുപരി ജനകീയ കൂട്ടായ്മയുടെ വിജയമായി പദ്ധതി മാറാൻ കാരണവും ഇതുതന്നെ. പുനർനിർമാണ പദ്ധതിയിൽ തുടക്കം മുതൽ ജനകീയ പങ്കാളിത്തം സജീവമായിരുന്നു. കൂട്ടായ്മയിലൂടെ പദ്ധതി യാഥാർഥ്യമാക്കുക എന്നതായിരുന്നു വി.പി.എസ് ഹെൽത്ത്കെയർ മുന്നോട്ടുെവച്ച ആശയം. 2019 ഫെബ്രുവരി 18ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും ഡോ. ഷംഷീർ വയലിലും ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
വാഴക്കാട്: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
പത്തുകോടി രൂപ െചലവിൽ ഡോ. ഷംസീർ വയലിെൻറ നേതൃത്വത്തിലുള്ള വി.പി.എസ് ഹെൽത്ത് ഗ്രൂപ് നിർമിച്ചുനൽകുന്ന വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഉച്ചക്ക് 12ന് ഓൺലൈനായി നിർവഹിക്കുക.
ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദൻ, കായികമന്ത്രി വി. അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന എന്നിവർ സംബന്ധിക്കും. എം.പിമാരായ എളമരം കരീം, അബ്ദുസ്സമദ് സമദാനി എന്നിവർ ഓൺലൈനായാണ് പങ്കെടുക്കുക.
അത്യാധുനിക സൗകര്യത്തോടെയുള്ള മെഡിക്കൽ ലാബ്, ദന്ത ചികിത്സ യൂനിറ്റ്, പ്രോജക്ട് സംവിധാന സൗകര്യത്തോടെയുള്ള മിനി ഓഡിറ്റോറിയം, ലിഫ്റ്റ് സൗകര്യം, ഡി.എം.ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ സാധ്യമായ സി.സി.ടി.വി സൗകര്യം, ഉയർന്ന സംഭരണശേഷിയുള്ള ഫാർമസി എന്നിവ ഉണ്ടാവുമെന്ന് വി.പി.എസ്. മെഡിക്കൽ ഹെൽത്ത് മേധാവി ഹാഫിഷ് അറിയിച്ചു. ഐ.സി.യു സൗകര്യമുള്ള ആംബുലൻസും വി.പി.എസ് ഹെൽത്ത് ഗ്രൂപ് നൽകുന്നുണ്ട്. 2018ലെ മഹാപ്രളയത്തെ തുടർന്ന് തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഇനി നാടിന് ആശ്വാസമേകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.