നിങ്ങളിത് കാണുക... ബ്ലാസ്റ്റേഴ്സിനായി മലപ്പുറം 'പട'യൊരുക്കം

മലപ്പുറം: "ഈ നാടിങ്ങനെയാണ്... ഫുട്ബാൾ ഞമ്മളെ ചങ്കാണ്... ഉസാറായി കളിച്ചാൽ ചങ്ക് പറിച്ചുതരും ഞങ്ങൾ..." -ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനൽ പോരാട്ടം കാണാൻ കാത്തിരിക്കുന്ന ആരാധകരുടെ ചില വാക്കുകളാണിത്. അതെ അവർക്കിത് ഫുട്ബാൾ ആവേശത്തിന്‍റെ തിരയിളക്കമാണ്. പുതിയ സീസണിൽ ഒന്നുമല്ലാതെ തുടങ്ങി ഇന്ത്യൻ സൂപ്പർ ലീഗിലെ പടക്കുതിരകളായി ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കിരീടത്തിനായി കണ്ണുംനട്ടിരിക്കുയാണ് മലപ്പുറത്തെ ലക്ഷക്കണക്കിന് ഫുട്ബാൾ പ്രേമികൾ. നേരിട്ട് കളി കണാൻ ടിക്കറ്റ് കിട്ടിയില്ലെങ്കിലും നാടെങ്ങും ആവേശപ്പന്തൽ തീർത്തും ഫാൻ പാർക്കുകളൊരുക്കിയും അവർ മഞ്ഞക്കടലൊരുക്കുയാണ്. അത്രക്ക് പ്രതീക്ഷയുണ്ടവർക്ക് ഇവാൻ വുകോമാനോവിച്ചിന്‍റെ കുട്ടികളിൽ. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ കലാശപ്പോരിനിറങ്ങുന്നത്. 5000ത്തോളം ആരാധകരാണ് ജില്ലയിൽനിന്ന് മാത്രം ഗോവക്ക് വണ്ടി കയറിയത്. ടിക്കറ്റ് ഇല്ലാഞ്ഞിട്ടും ഫൈനൽ വേദിയിലേക്ക് യാത്രയായവരുണ്ട്.

ഇത് ചെറിയ കളിയല്ല...സ്ക്രീൻ ബിഗ് തന്നെ

ജില്ലയിൽ എല്ലായിടത്തും കളി കാണാൻ ബിഗ് സ്ക്രീനുകൾ ഒരുങ്ങിക്കഴിഞ്ഞു. വിവിധ ക്ലബുകളുടെ കീഴിലും കൂട്ടായ്മകളുടെ കീഴിലും സഗരസഭകളുടെ നേതൃത്വത്തിൽപോലും ബിഗ് സ്ക്രീനുകൾ ഒരുക്കുന്നുണ്ട്. ഓരോ ഗ്രാമത്തിലും ഫാന്‍ പാര്‍ക്കുകളും ഒരുക്കിയിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ലോകകപ്പ് ഫുട്‌ബാള്‍ സീണസുകളെ വെല്ലുന്ന ഓളമാണ് മലപ്പുറത്തെങ്ങും. സെമിയില്‍ കണ്ട ആവേശം ഇതിന്‍റെ എല്ലാ സൂചനും നൽകുന്നതായിരുന്നു. ജില്ലയിൽ മാത്രം ചെറുതും വലുതുമായ ആയിരത്തോളം ഫാന്‍ പാര്‍ക്കുകൾ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഡിജിറ്റല്‍ ടി.വികള്‍ക്കും പ്രൊജക്ടറുകള്‍ക്കും മലപ്പുറത്ത് ഡിമാൻഡ് കൂടിയിരിക്കുകയാണ്. ഇവ കിട്ടാനേ ഇല്ലാത്ത അവസ്ഥയാണ്. ഉള്ളവയെല്ലാം നേരത്തേ തന്നെ പല പ്രദേശിക ക്ലബുകളും ബുക്ക് ചെയ്തിരുന്നു. പണം എത്ര കൊടുക്കാനും ഫുട്‌ബാള്‍ പ്രേമികള്‍ തയാറാണെങ്കിലും സാധനം കിട്ടാത്ത അവസ്ഥയാണുള്ളത്. പല സ്ഥലങ്ങളിലും ഇപ്പോള്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കുന്നുണ്ട്. ഇവിടത്തെ ഗാലറി കൂടി ഉള്‍പ്പെടുത്തി നൂറുകണക്കിനാളുകള്‍ക്ക് ഒരേസമയം കളികാണാനാകുന്ന തരത്തില്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുങ്ങുന്നുണ്ട്. വെടിമരുന്നുകളും മറ്റുമായി മത്സരങ്ങള്‍ ആവേശമാക്കാനുള്ള പദ്ധതിയുമുണ്ട്.

ടിക്കറ്റിനായി പരക്കംപാച്ചില്‍

ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചതായി അറിയിപ്പ് വന്നതു മുതല്‍ ഫുട്‌ബാള്‍ പ്രേമികള്‍ ടിക്കറ്റ് കിട്ടാനുള്ള പരക്കം പാച്ചിലിലായിരുന്നു. 19,000 പേര്‍ക്ക് മാത്രമാണ് ഫറ്റോര്‍ഡയില്‍ കളികാണാനാവുക. ഓണ്‍ലൈനിലെല്ലാം മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് വിറ്റഴിഞ്ഞിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളിലൂടെ ടിക്കറ്റ് ലഭിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും പലരും നിരാശരായിരുന്നു.

ടിക്കറ്റ് കിട്ടിയവര്‍ക്ക് ഗോവയിലെത്താനുള്ള യാത്രയും ആശങ്കയിലായിരുന്നു. കൂടുതല്‍ ആളുകളും ആശ്രയിക്കുന്ന ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ലാത്തതായിരുന്നു കാരണം. ഇതോടെ പലരും സ്വന്തം വാഹനങ്ങളിലാണ് യാത്ര പുറപ്പെട്ടത്.

ഗാലറി നിറക്കാൻ മഞ്ഞപ്പട

ബ്ലസ്റ്റേഴ്സിന്‍റെ ആരാധകക്കൂട്ടം കിരീടം ഉറപ്പിച്ചു തന്നെയാണ് ഗോവക്ക് വണ്ടി കയറിയത്. ജില്ലയിൽ മാത്രം പതിനായിരത്തോളം മഞ്ഞപ്പട അംഗങ്ങളുണ്ട്. മലപ്പുറത്തുനിന്ന് ശനിയാഴ്ച ബസുകളിലായി നിരവധിപേരാണ് ഗോവയിലേക്ക് പുറപ്പെട്ടത്. മഞ്ഞപ്പടയുടെ സജീവ അംഗങ്ങളായിരുന്നു അതിൽ ഭൂരിഭാഗവും. ഇപ്രാവശ്യം കപ്പ് ബ്ലാസ്റ്റേഴ്സിനു തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം. മത്സരം കടുക്കുമെന്നും കേരളം ഒന്നിനെതിരെ രണ്ട് ഗോളിനു വിജയിക്കുമെന്നും മഞ്ഞപ്പടയുടെ അംഗമായ ഇരുമ്പുഴി സ്വദേശി ജാസ്മോൻ 'മാധ്യമ'ത്തോട് പറഞ്ഞു. ടീമിന് മഞ്ഞ ജേഴ്സി കിട്ടാത്തതിനാൽ ചെറിയ നിരാശയുണ്ടെന്നും എന്നാൽ, ഗാലറി മഞ്ഞക്കടലാവുമെന്നും ജാസ്മോൻ പറഞ്ഞു. പെരേര ഡയസും അൽവാരോ വാസ്ക്വാസും ഗോൾ നേടുമെന്നാണ് ചിലർ പ്രതികരിച്ചത്. ഒരു ഗോൾ അഡ്രിയാൻ ലൂനക്കുള്ളതാണെന്നും വാദിക്കുന്നവർ കൂടുതലായിരുന്നു.

പറന്നെത്തി പ്രവാസികളും

ബ്ലാസ്റ്റേഴ്സിന്‍റെ ഐ.എസ്.എൽ കുതിപ്പ് കണ്ടാണ് പ്രവാസികളായ കണ്ണംമംഗലം പടപ്പറമ്പ് സ്വദേശി അഷ്റഫ് കാപ്പനും വേങ്ങര സ്വദേശി ഷംനാസും കേരളത്തിലേക്ക് വിമാനം കയറിയത്. വന്ന പ്രതീക്ഷ തെറ്റിയില്ല. ബ്ലസ്റ്റേഴ്സ് ഫൈനലിലെത്തിയതോടെ ആദ്യമായി സ്വന്തം ടീമിന്‍റെ മത്സരം കാണാൻ ഇവരുമുണ്ടായിരുന്നു മലപ്പുറത്തുനിന്ന് യത്രയായവരിൽ. തങ്ങൾ വിദേശ ക്ലബുകളുടെ മത്സരത്തേക്കാൾ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളി ആസ്വാദിക്കുന്നുണ്ടെന്നും വലിയ ആവശേത്തോടെയും പ്രതീക്ഷയോടും കൂടിയാണ് ഗോവയിലേക്ക് പോവുന്നതെന്നും രണ്ടുപേരും പ്രതികരിച്ചു. അഷ്റഫ് സൗദിയിലെ മഞ്ഞപ്പടയുടെ അംഗമാണ്. ഷംനാസ് യു.എ.ഇ മഞ്ഞപ്പട അംഗമാണ്. ഇവരെ പോലെ വിദേശത്തുനിന്നെത്തി നിരവധിപേരാണ് ഫൈനൽ അങ്കം കാണാൻ ഗോവയിലേക്ക് തിരിച്ചത്. 

Tags:    
News Summary - You see ... Malappuram 'battle' preparation for the Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.