പാലക്കാട്: കാലവർഷക്കെടുതിയിൽ ജൂലൈയിൽ ജില്ലയിലാകെ 605.5 ഹെക്ടർ കൃഷി നശിച്ചു. 2549 കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. 13.58 കോടി രൂപ നഷ്ടം കണക്കാക്കുന്നു. കനത്ത മഴയിലും കാറ്റിലുമായി 393.86 ഹെക്ടറാണ് നശിച്ചത്. 1713 കർഷകരുടെ കൃഷി വെള്ളത്തിലായി. 1017.17 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് വാഴ കൃഷി മേഖലയിലാണ്. കുലച്ചതും കുലക്കാത്തതുമായ അനവധി വാഴകളാണ് പൊട്ടിവീണത്. അടക്ക, റബർ, പന്തലിട്ട് കൃഷി ചെയ്യുന്ന പച്ചക്കറികൾ എന്നിവയും നശിച്ചു. അട്ടപ്പാടി ബ്ലോക്കിലാണ് കൂടുതൽ നഷ്ടം റിപ്പോർട്ട് ചെയ്തതെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസ് അധികൃതർ പറഞ്ഞു.
കനത്ത മഴയിൽ ജില്ലയിൽ മൊത്തം 211.64 ഹെക്ടർ കൃഷിയാണ് വെള്ളം കയറി നശിച്ചത്. 836 കർഷകർക്ക് നാശനഷ്ടം സംഭവിച്ചു. ആകെ 340.96 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പാടങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ഏക്കറുകണക്കിന് നെൽകൃഷിയും നശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ കൃഷിനാശം പരിശോധിച്ചുവരികയാണ്.
ഓണ വിപണി ലക്ഷ്യമിട്ട് ആരംഭിച്ച വാഴ, പച്ചക്കറി കൃഷികളാണ് അധികവും വെള്ളത്തിലായത്. കൃഷിക്ക് പുറമേ വീടുകൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം നാശമുണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ജൂലൈ മാസത്തിൽ 283 വീടുകൾ ഭാഗികമായും 24 വീടുകൾ പൂർണമായും തകർന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.