മണ്ണൂർ: മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആനക്കല്ല് കുടിവെള്ള പദ്ധതിയുടെ തടയണ വരണ്ടതോടെ ഒന്നാം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഒന്നാം വാർഡിലെ 250 ഓളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ തടയണ. ഒരാഴ്ചയായി ജലവിതരണം നടക്കാത്തതിനാൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൊട്ടക്കുന്ന്, പടിപ്പുരക്കാട്, ആനകല്ല്, ചെവിക്കൽകുണ്ട്, മരുതൂർകുണ്ട്, നെല്ലിക്കുന്ന് തുടങ്ങിയ 250 തോളം കുടുംബങ്ങളാണ് വലയുന്നത്. പലരും പണം കൊടുത്താണ് കുടിവെള്ളം എത്തിക്കുന്നത്. രണ്ട് മൂന്ന് തവണ കാഞ്ഞിരപുഴ ഡാം തുറന്ന് തടയണയിലേക്ക് വെള്ളം എത്തിച്ചിരുന്നെങ്കിലും നിലവിൽ കാഞ്ഞിരപുഴ ഡാമിലും വെള്ളമില്ലാത്ത അവസ്ഥയാണ്.
നിലവിൽ തോട്ടിലെ വെള്ളം വറ്റിയതോടെ പരിസരങ്ങളിലെ കിണറുകളിലും വെള്ളം വറ്റി. തടയണയിൽ വെള്ളമെത്തിക്കാൻ നടപടി വേണമെന്നാവശ്യപെട്ട് പദ്ധതി ഭാരവാഹികൾ കഴിഞ്ഞ ദിവസം ജില്ല കലക്ടറെ നേരിൽ കണ്ടിരുന്നു. ഡാമുകളിൽ വെള്ളമില്ലെന്ന മറുപടിയാണ് കലക്ടറിൽനിന്ന് ലഭിച്ചത്. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ഭാരവാഹികൾ ആവശ്യപെട്ടിട്ടുണ്ട്. നിലവിൽ മണൽചാക്ക് നിരത്തിയാണ് തോട്ടിൽ താൽക്കാലിക തടയണ നിർമിച്ചത്.
ഇതുമൂലം ജലചോർച്ച വ്യാപകമായിരുന്നു. തോട്ടിൽ സ്ഥിരം തടയണ നിർമിച്ച് ശാശ്വത പരിഹാരം കാണണമെന്നാവശ്യപെട്ട് സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പദ്ധതി ഭാരവാഹികളായ കൺവീനർ കെ.പി. ശിവദാസ്, ചെയർമാൻ സിദ്ദീക്, കെ. ഷൗക്കത്തലി എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.