പാലക്കാട്: നിക്ഷേപകരെ കബളിപ്പിച്ചും ഈടില്ലാതെ വായ്പ തട്ടിയെടുത്തും ക്രമക്കേട് നടത്തിയ കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണസംഘം മുൻ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി, ക്രിമിനൽ നടപടിയും ആരംഭിച്ചു. മാനദണ്ഡം പാലിക്കാതെയും അംഗങ്ങൾ അറിയാതെ അവരുടെ പേരില്‍ വായ്പയെടുക്കൽ, സ്ഥിരനിക്ഷേപം കാലാവധി കഴിഞ്ഞിട്ടും നൽകാതെ തിരിമറി, കാലാവധി കഴിഞ്ഞ വായ്പ അപേക്ഷകൻ അറിയാതെ പുതുക്കൽ തുടങ്ങിയ ക്രമക്കേടിലൂടെ 4,85,41,275 രൂപയുടെ നഷ്ടം സംഘത്തിനുണ്ടാക്കിയെന്ന് െഡപ്യൂട്ടി രജിസ്ട്രാർ കണ്ടെത്തി. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.
സംഘത്തിന് നഷ്ടമായ തുക അന്നത്തെ ഭരണസമിതിയിൽനിന്ന് ഈടാക്കാൻ നോട്ടീസ് നൽകിയതിനെതിരെ സ്റ്റേ വാങ്ങി. ഇതിനെതിരെ സഹകരണ വകുപ്പ് ഹൈകോടതിയെ സമീപിച്ച് സ്റ്റേ നീക്കി. തുടർന്നാണ് തുക തിരിച്ചുപിടിക്കാൻ നോട്ടീസ് നൽകിയത്. നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയതിന് ജോ. രജിസ്ട്രാർ ജില്ല പൊലീസ് മേധാവിക്ക് പരാതിയും നൽകി. അന്വേഷണത്തിെൻറ ഭാഗമായി ക്രമക്കേട് കണ്ടെത്തിയ സഹകരണ വകുപ്പ് ജീവനക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
അടുത്ത ദിവസങ്ങളിൽ ക്രമക്കേട് നടത്തിയ ബാങ്ക് ജിവനക്കാരിൽനിന്നും മുൻ ഭരണസമതി അംഗങ്ങളിൽനിന്നും വിവരശേഖരണം നടത്തും. അംഗങ്ങൾ അറിയാതെ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുന്നത്. ഇരുപതോളം പേരുടെ വ്യാജ ഒപ്പിട്ട് പത്തുമുതൽ 25 ലക്ഷം രൂപവരെ വായ്പയെടുത്തു. പല വായ്പ അപേക്ഷകളിലും ആധാരമോ, നിയമോപദേശമോ ഉണ്ടായിരുന്നില്ല.
സംഘം പ്രസിഡൻറായിരുന്ന എന്‍. വിനേഷും ഹോണററി സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയത്. ഇവര്‍ പലരുടെയും പേരില്‍ അവര്‍ അറിയാതെ 1.21 കോടി രൂപയുടെ വായ്പയെടുത്തു. 12 ആധാരങ്ങള്‍ ഗഹാന് ചെയ്തില്ല. 119 ആധാരങ്ങളില്‍ നിയമവശം രേഖപ്പെടുത്തിയില്ല. പ്രസിഡൻറ് ഉള്‍പ്പെടെ ഏഴുപേര്‍ എടുത്ത വായ്പക്ക് ആധാരവും മറ്റ് രേഖകളുമില്ല.
ക്രമക്കേടിലൂടെ എടുത്ത വായ്പ തുക പ്രസിഡൻറിെൻറ പേരിലുള്ള രണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഹോണററി സെക്രട്ടറിയും മറ്റ് ഭരണസമിതി അംഗങ്ങളും പ്രസിഡൻറിെൻറ ഇതേ മാതൃക പിന്തുടര്ന്നാണ് വായ്പ തിരിമറി നടത്തിയത്.
അംഗമല്ലാത്തവരുടെ പേരിലും വായ്പ എഴുതിയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നോട്ടീസ് കിട്ടുമ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയുണ്ടെന്ന് അറിയുന്നത്.
തുടര്‍ന്നാണ് സഹകരണ വകുപ്പിന് പരാതി നല്‍കിയത്. പട്ടികജാതി, വര്‍ഗ അസി. രജിസ്ട്രാറിനെ അന്വേഷണം ഏല്പിച്ചു. ഭരണസമിതി അംഗങ്ങളില്‍നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് വായ്പ തിരിമറിയിലൂടെ ബാങ്കിന് നഷ്ടമായ പണം പ്രസിഡൻറ്, ഹോണററി സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവരില്‍നിന്ന് തിരിച്ചുപിടിക്കണമെന്ന് ശിപാര്‍ശ നല്‍കിയത്. ഒരു ജീവനക്കാരി, അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍, മൂന്ന് മുന്‍ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരും വായ്പ തിരിമറിയില്‍ പങ്കാളികളായി. അതേസമയം, ഇപ്പോഴത്തെ നടപടിക്കെതിരെ മുൻഭരണ സമിതിയിലെ രണ്ടുപേർ ഹൈകോടതിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.