ബജറ്റ്: പാലക്കാടി​െൻറ മനം തെളിഞ്ഞില്ല, കൃഷിക്ക് ഇനിയും വേണം

പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റിനോട് ജില്ലയിൽ സമ്മിശ്ര പ്രതികരണം. കാർഷിക ജില്ല കാത്തിരുന്ന ജനപ്രിയ പദ്ധതികൾ പലതും ബജറ്റിൽ ഇടം നേടിയില്ലെങ്കിലും നെല്ലിന്‍റെ താങ്ങുവില നേരിയ തോതിലെങ്കിലും ഉയർത്തിയതും മൂല്യവർധിത കാർഷിക കമീഷനും അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങളുടെ സ്ഥാപനവുമടക്കം പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ്. ജില്ലയുടെ മലയോര കാർഷിക മേഖലകളിൽ വന്യജീവി ആക്രമണത്തിൽ ജീവഹാനിയുണ്ടായവരുടെയും പരിക്കേറ്റവരുടെയുമടങ്ങുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിനായി ബജറ്റിൽ പ്രത്യേക തുക നീക്കിവെച്ചതും ആശ്വാസമാണ്.

ഏകോപനമില്ലാത്ത നിലവിലെ സംഭരണ വിപണന നടപടികളിൽ വലയുന്ന കാർഷിക ഉൽപന്നങ്ങളുടെ വില ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിക്ക് അറുതി വരുത്തുന്ന തീരുമാനങ്ങൾ പ്രതീക്ഷിച്ച കർഷകർക്ക് ബജറ്റ് നിരാശ നൽകുന്നതായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജില്ലയിൽ അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള സംവിധാനവും ഇക്കുറി ബജറ്റിൽ ഇടം നേടിയില്ല. സീതാർകുണ്ട് ഇറിഗേഷൻ പദ്ധതിക്ക് 10 കോടിയും മീങ്കര, ചുള്ളിയാർ, പോത്തുണ്ടി കനാലുകളുടെ നവീകരണത്തിന് 13 കോടിയുമടക്കം ജലസേചന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും വികസനത്തിനും ഭേദപ്പെട്ട തുക നീക്കിവെച്ചത് ആശ്വാസമാണ്.

വ്യവസായത്തിന് പോര

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളൊന്നും ബജറ്റിൽ ഇടം നേടിയില്ല. അടിസ്ഥാന സൗകര്യവികസനം, വൈദ്യുതി പ്രസരണത്തിലെ ആധുനീകരണം, കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ലോജിസ്റ്റിക്ക് പാർക്ക് എന്നിങ്ങനെ പദ്ധതികളിൽ പ്രതീക്ഷകളുമായാണ് വ്യവസായ മേഖല ബജറ്റിന് കാത്തിരുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ബജറ്റിൽ പരാമർശിച്ചതൊഴിച്ചാൽ കാര്യമായി മേഖലക്കൊന്നും ലഭിച്ചില്ല.

നോളജ് ഇക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ ഡിസ്ട്രിക്ട് സ്കില്‍ പാർക്കുകള്‍ സ്ഥാപിക്കാനും ഇവിടങ്ങളിൽ സംരംഭകർക്ക് യൂനിറ്റുകള്‍ സ്ഥാപിക്കാനും അഞ്ചുവർഷത്തേക്ക് സബ്സിഡിയടക്കം ആനുകൂല്യങ്ങൾ നൽകാനുമുള്ള പദ്ധതി ജില്ലക്ക് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇതോടനുബന്ധിച്ച് നിയമസഭ മണ്ഡലങ്ങളിൽ സ്കില്‍ കോഴ്സുകള്‍ ആരംഭിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.

ആരോഗ്യത്തിന് ആശ്വാസം

ആരോഗ്യ മേഖലയിൽ ജില്ലയുടെ പുതുപ്രതീക്ഷയായ പാലക്കാട് മെഡിക്കൽ കോളജിന് 70 കോടി വകയിരുത്തിയത് സ്വാഗതാർഹമാണ്. അടിസ്ഥാന സൗകര്യമടക്കം വികസനവഴികളേറെ താണ്ടാനുള്ള മെഡിക്കൽ കോളജിന് ഇത് ആശ്വാസമാകും. എന്നാൽ, ജില്ല ഹോമിയോ ആശുപത്രി നിർമാണമടക്കം ജില്ലയുടെ ആവശ്യങ്ങൾ ബജറ്റിന് പുറത്തായി. മെഡിക്കൽ കോളജിന് വേണ്ടി 70 കോടി രൂപ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചത് പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയാണ്. മെഡിക്കൽ കോളജിനായി ബജറ്റിൽ പ്രത്യേക നീക്കിയിരിപ്പ് കണ്ടെത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.

വിശ്വനാഥന് സ്മാരകം, വിനോദസഞ്ചാരത്തിന് നിരാശ

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിർമിക്കണമെന്ന പ്രാദേശിക വികാരത്തോട് ചേർന്ന് സ്മാരകത്തിനായി ബജറ്റിൽ ഒരു കോടി നീക്കിവെച്ചിട്ടുണ്ട്. മുണ്ടൂരിൽ സംസ്കാരിക കേന്ദ്രത്തിന് അഞ്ച് കോടിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. വിനോദ സഞ്ചാരമടക്കമുള്ള മേഖലകളിൽ ജില്ലക്ക് കാര്യമായൊന്നും പ്രതീക്ഷ നൽകുന്നതായിരുന്നില്ല ബജറ്റ്. നെല്ലിയാമ്പതി റെസ്റ്റ് ഹൗസിനായി 10 കോടിയും ഇവിടെത്തന്നെ കാന്‍റീനായി അഞ്ച് കോടിയും നീക്കിവെച്ചിട്ടുണ്ട്. എന്നാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂർ, തിരൂർ തുഞ്ചൻപറമ്പ്, മഹാകവി അക്കിത്തം സ്മാരകം, വെള്ളിനേഴി, വള്ളുവനാടൻ സാംസ്കാരിക സ്ഥാപനങ്ങൾ, തസ്രാക്ക് എന്നിവ കൂട്ടിയിണക്കുന്ന വിനോദസഞ്ചാര പദ്ധതി ഇക്കുറിയും ബജറ്റിൽ ഇടംനേടാതെ നിരാശപ്പെടുത്തി.

നെല്ലിന്‍റെ താങ്ങുവില: താഴെയിട്ടില്ല, തലോടിയുമില്ല

പാലക്കാട്: കാർഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ 48 കോടി അധികം വർധിപ്പിച്ച് കാര്‍ഷിക മേഖലക്കുള്ള അടങ്കല്‍ 851 കോടി രൂപയാക്കി ഉയർത്തി. നെല്ലിന്‍റെ താങ്ങുവിലയിൽ നേരിയ വർധന മാത്രമാണ് നെൽകർഷകർക്ക് പ്രത്യക്ഷത്തിൽ നൽകിയത്.

പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ നിലവിലുള്ളവയുടെ വിപുലീകരണത്തിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. സുസ്ഥിര നെൽകൃഷി വികസനത്തിന് 76 കോടി രൂപയും നെൽ ഉൽപാദനത്തിന് 10 കോടിയും അനുവദിച്ചിട്ടുണ്ട്. താങ്ങുവില വർധിപ്പിക്കണമെന്ന കർഷകരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് നെല്ലിന്‍റെ ഉൽപാദന ബോണസിൽ 20 പൈസ വർധിപ്പിച്ചു. കൂട്ടിയ നിരക്കുപ്രകാരം ഒരു കിലോ നെല്ലിന് 28.20 രൂപ കർഷകർക്ക് ലഭിക്കും. നെൽകൃഷി വികസനത്തിന് ആലപ്പുഴക്ക് പ്രത്യേക പാക്കേജ് അനുവദിച്ച മാതൃകയിൽ ജില്ലയിലെ നെല്ല്-പച്ചക്കറി കർഷകർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലയിലെ കർഷകരുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചു. പച്ചക്കറിയുടെ സംഭരണത്തിനും സമയബന്ധിതമായി പണം ലഭിക്കുന്നതിനും പ്രത്യേക പാക്കേജുകൾ പ്രതീക്ഷിച്ചെങ്കിലും നിരാശ മാത്രമാണ് ബാക്കി.

പട്ടാമ്പിയില്‍ 20 വന്‍കിട പദ്ധതികള്‍ക്ക് അനുമതി

പട്ടാമ്പി: മണ്ഡലത്തിൽ 20 വന്‍കിട പദ്ധതികള്‍ക്ക് ബജറ്റിൽ അനുമതി നൽകിയതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. വിളയൂർ തോണിക്കടവ് തടയണ - 25 കോടി, വല്ലപ്പുഴ സമഗ്ര ജലസേചന പദ്ധതി - 15 കോടി, കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാരായ മംഗലം റോഡ്‌ - എട്ട് കോടി, പട്ടാമ്പി കോളജില്‍ സംസ്കൃത ബ്ലോക്ക്‌ - രണ്ട് കോടി, പട്ടാമ്പി എംപ്ലോയ്മെന്റ് ഓഫിസ് കം കരിയര്‍ ഡെവലപ്പ്മെന്റ് സെന്‍റര്‍ - അഞ്ച് കോടി, വിളയൂര്‍ സബ് രജിസ്ട്രേഷന്‍ ഓഫിസ് - മൂന്ന് കോടി, ചെങ്ങണാംകുന്ന് - കാരമണ്ണ റോഡ്‌ - 10 കോടി, പട്ടാമ്പി ബൈപാസ് രണ്ടാം ഘട്ടം - മൂന്ന് കോടി, കുലുക്കല്ലൂര്‍ എരവത്ര റോഡ്‌ - ആറ് കോടി, എസ്.എൻ.ജി.എൽ.പി സ്കൂള്‍ പൈതൃക കെട്ടിടം -മൂന്ന് കോടി, പട്ടാമ്പി പുതിയ ബസ്‌സ്റ്റാന്‍ഡ് - 25 കോടി, തിരുവേഗപ്പുറ സമഗ്ര ഇറിഗേഷന്‍ പദ്ധതി - 20 കോടി, പട്ടാമ്പി പി.ഡബ്ല‍്യൂ.ഡി റോഡ്സ് സെക്ഷന്‍ ഓഫിസ് - രണ്ട് കോടി, കൊപ്പം ടൗണ്‍ നവീകരണം രണ്ടാം ഘട്ടം - നാല് കോടി, മുതുതല പ്രാഥമിക ആരോഗ്യകേന്ദ്രം കെട്ടിടം - മൂന്ന് കോടി, പട്ടാമ്പി വിവിധ കുളങ്ങളുടെ നവീകരണം - 20 കോടി, വല്ലപ്പുഴ ആയുഷ് കെട്ടിട സമുച്ചയം - 20 കോടി എന്നിവക്കാണ് അനുമതി ലഭിച്ചത്. കൊപ്പം പൊലീസ് സ്റ്റേഷന്‍ - മൂന്ന് കോടി, പട്ടാമ്പി ഫയര്‍ സ്റ്റേഷന്‍ - മൂന്ന് കോടി എന്നിവക്കൊപ്പം പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജലസംഭരണിക്കും ജലസേചന സൗകര്യത്തിനുമായി നാല് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മാവ് കർഷകർക്ക് ഉണർവ്

മുതലമട: ബജറ്റിൽ മുതലമടയിലെ മാങ്കോ പാക്കേജിന് അഞ്ച് കോടി. 2019 ൽ ഏഴ് കോടി രൂപയാണ് പാക്കേജിന് സർക്കാർ നീക്കിവെച്ചിരുന്നത്. അമിത കീടനാശിനി ഉപയോഗത്തിനെതിരെ ബോധവത്കരണം, മാവിൻ തോട്ടങ്ങളിൽ വ്യാപകമായി മണ്ണ് പരിശോധന, സംസ്കരണ, സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് പദ്ധതിയിലുള്ളത്. മുതലമട പഞ്ചായത്തിനു പുറമെ കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളും മാങ്കോ പദ്ധതിയിൽ ഉൾപ്പെടും.

മണ്ണാർക്കാട്ട് അടിസ്ഥാന സൗകര്യ വികസനം

മണ്ണാർക്കാട്: തച്ചനാട്ടുകര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായ അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ജലവിതരണത്തിന് ടാങ്കും പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് അഞ്ചു കോടി അനുവദിച്ചതായി എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.

അട്ടപ്പാടി ആദിവാസി മേഖലകളിലെ യുവതീ യുവാക്കൾക്കായി സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ പദ്ധതി, കണ്ണംകുണ്ട് പാലം നിർമാണം, പാക്കുളം-കണ്ടിയൂർ-ജെല്ലിപ്പാറ റോഡ് നിർമാണം, ആലുങ്കൽ-കൊമ്പംകല്ല്-ഓലപ്പാറ റോഡ് പുനരുദ്ധാരണ പ്രവൃത്തി, കുമരംപുത്തൂർ ഒലിപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തി, മണ്ണാർക്കാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷൻ എന്നിവിടങ്ങളിൽ വൈദ്യുത വേലി നിർമാണം, മണ്ഡലത്തിലെ വിവിധ ആദിവാസി ഊരുകളുടെ നവീകരണം, അട്ടപ്പാടിയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ കെട്ടിടനിർമാണം എന്നിവയും ബജറ്റിൽ ഉൾപ്പെട്ടതായി എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.

സീതാർകുണ്ട് പദ്ധതിക്ക് പത്ത് കോടി

കൊല്ലങ്കോട്: സീതാർകുണ്ട് ഇറിഗേഷൻ പദ്ധതിക്ക് 10 കോടി രൂപയുടെ ഭരണാനുമതി. തെന്മലയിലെ സിതാർകുണ്ട് വെള്ളച്ചാട്ടത്തിലെ ജലം ചുമ്മിയാർ, മീങ്കര ഡാമുകളിലും എത്തിക്കുന്നതാണ് പദ്ധതി. നേരത്തെ സർവേക്ക് തുക വകയിരുത്തിയിരുന്നു. മീങ്കര, ചുള്ളിയാർ, പോത്തുണ്ടി കനാലുകളുടെ നവീകരണം - 13 കോടി, നെന്മാറ ഐ.ടി.ഐ കെട്ടിടം എട്ട് കോടി, കൊടുവായൂർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം അഞ്ച് കോടി, നെന്മാറ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം - മൂന്ന് കോടി, നെല്ലിയാമ്പതി പുലയംപാറ പാലം മൂന്ന് കോടി, നെന്മാറ ഒലിപ്പാറ റോഡ് - 11 കോടി, പുതുനഗരം -കൊല്ലങ്കോട് റോഡ് - മൂന്ന് കോടി, മാത്തമംഗലം പാലം - മൂന്ന് കോടി, ചെമ്മണാമ്പതി പാലം - 3.65 കോടി, തൂറ്റിപ്പാടം-തെക്കുംപുറം പാലം - 10.17 കോടി, കൊല്ലങ്കോട് -പനങ്ങാട്ടിരി റോഡ് - അഞ്ച് കോടി, കൊടുവായൂർ- തൃപ്പാളൂർ റോഡ് - രണ്ട് കോടി , കൊല്ലങ്കോട്- കുനിശ്ശേരി റോഡ് - നാല് കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Tags:    
News Summary - Budget: Palakkad also disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.