പാലക്കാട്: വർഷങ്ങൾക്കു ശേഷം നിർമാണം തുടങ്ങിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തെരുവുവിളക്കുകളില്ലാത്തത് യാത്രക്കാരെ ഇരുട്ടിലാക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ ഇരുട്ടിലാവുന്ന സ്റ്റാൻറിൽ എന്തും നടക്കുമെന്ന സ്ഥിതിയാണ്. വൈകീട്ട് ഏഴ് കഴിഞ്ഞാൽ വിജനമാകുന്ന ഇവിടെ സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും താവളമാവുകയാണ്. മുനിസിപ്പൽ സ്റ്റാൻറ് പൊളിച്ച് വർഷം കഴിഞ്ഞിട്ടും സ്റ്റാൻറിനകത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ആരും ശ്രദ്ധിച്ചിട്ടില്ല.
പഴയ മുനിസിപ്പൽ സ്റ്റാൻറ് പൊളിച്ച സ്ഥലത്ത് പുതിയ ടെർമിനൽ നിർമിക്കുന്നതിനായി മൂന്ന് വർഷത്തിനുശേഷം മാർച്ചിലാണ് തറക്കല്ലിട്ടത്. ടെർമിനൽ നിർമാണം പൂർത്തിയാവും മുമ്പെ സ്റ്റാൻറിനകത്ത് വെളിച്ചത്തിനായി ഒരു താൽക്കാലിക സംവിധാനം ഒരുക്കണമെന്നാവശ്യവും ഉയരുകയാണ്.
സ്റ്റാൻറിനകത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഇവിടെയുണ്ടായിരുന്ന മണ്ണാർക്കാട്, കോഴിക്കോട്, നിലമ്പൂർ, കാഞ്ഞിരപ്പുഴ, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ബസുകളെല്ലാം സ്റ്റേഡിയം സ്റ്റാൻറിലേക്ക് മാറി. നിലവിൽ കമ്പ, കുത്തനൂർ ബസുകളാണ് സ്റ്റാൻറിലുള്ളത്. എം.പി ഫണ്ടിൽനിന്ന് രണ്ടു കോടി രൂപ ചെലവിലാണ് ഇപ്പോൾ ടെർമിനൽ പണി നടക്കുന്നത്. ആദ്യഘട്ടം ടെർമിനലും രണ്ടാംഘട്ടം ഷോപ്പിങ് കോംപ്ലക്സുമാണ്.
സ്റ്റാൻറിനകത്ത് നഗരസഭ നിർമിക്കുന്ന പുതിയ ശൗചാലയം നിർമാണവും പൂർത്തിയായി വരികയാണ്. ഏഴ് മണിക്കുള്ള കുത്തനൂർ ബസ് കഴിഞ്ഞാൽ പിന്നെ മുനിസിപ്പൽ സ്റ്റാൻറിൽ യാത്രക്കാർ ഭീതിയോടെയാണെത്തുന്നത്. സ്റ്റാൻഡ് നിർമാണം വൈകുന്നതിനാൽ സമീപത്തെ വ്യാപാരികളും കച്ചവടമില്ലാതെ ദുരിതത്തിലാണ്. നിർമാണം പൂർത്തിയാവും മുമ്പേ സ്റ്റാൻറിനകത്ത് എൽ.ഇ.ഡി ബൾബുകളോ ഹൈമാസ്റ്റ് വിളക്കോ സ്ഥാപിക്കണമെന്ന ആവശ്യം ശകതമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.