പാലക്കാട്: പാലക്കാടിെൻറ രുചിയിൽ മായം കലർന്നാൽ നടപടിയെടുക്കേണ്ട ജില്ലയിലെ ഭക്ഷ്യസുരക്ഷ വകുപ്പ് സംവിധാനങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പരാതിയുയരാൻ തുടങ്ങിയിട്ട് നാളേറെയായി. എന്താവാം കാരണമെന്ന് പരാതി നൽകിയവർ മുതൽ പരാതി കേട്ട് മടുത്തവർ വരെ ചോദിക്കുന്നു.
ചിലരാകെട്ട ഇതൊക്കെ ഇത്രയേയുള്ളൂവെന്ന് ചിരിയിലൊതുക്കുന്നു. കഴിഞ്ഞ ഡിസംബറിൽ വെളിച്ചെണ്ണയിലെ മായം സംബന്ധിച്ച് മാധ്യമങ്ങൾ തുടരെ വാർത്തകൾ നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ നിരോധിക്കപ്പെട്ട 74 വെളിച്ചെണ്ണ ബ്രാൻഡുകളിൽ 24 എണ്ണത്തോളം പാലക്കാട് നിന്നായിരുന്നു. മത്സ്യവും മാംസവുമടക്കം മതിയായ നിലവാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും വിതരണത്തിനെത്തുന്നതായി വ്യാപകമായ പരാതികളുയരുേമ്പാൾ ജില്ലയിൽ 12 സർക്കിളുകളിലായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ വിഭാഗം എന്ത് ചെയ്തുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഒരു ക്ലർക്കും ഒാഫിസറുമടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് ഒരു സർക്കിൾ ഒാഫിസിലുള്ളത്. എന്നാൽ, നിലവിൽ മൂന്ന് ഒാഫിസുകൾ പ്രവർത്തനരഹിതമാണ്. പലയിടങ്ങളിലും അടുത്ത സർക്കിളിലുള്ള ഉദ്യോഗസ്ഥന് അധിക ചുമതല നൽകിയിരിക്കുകയാണ്. പന്ത്രണ്ട് സർക്കിളുകൾ ഉള്ള ജില്ലയിൽ തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മലമ്പുഴ, ആലത്തൂർ എന്നിവിടങ്ങളിൽ സർക്കിൾ ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
സർക്കിൾ പോസ്റ്റ് ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് പ്രാദേശിക പരിശോധനക്കിറങ്ങാൻ പഴക്കം ചെന്ന ഒരു ജീപ്പാണുള്ളത്. ജീപ്പുണ്ടെങ്കിലേ പരിശോധന നേരെയാവൂ എന്ന നിർബന്ധമുള്ള ഉദ്യോഗസ്ഥർ കൂടിയായാൽ എങ്ങിനെ പരിശോധന നടക്കാൻ...? കഴിഞ്ഞദിവസം വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 402 കേസുകളാണ് രജിസ്ട്രർ ചെയ്തത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
നിരോധനം നേരിടുന്ന പല ബ്രാൻഡുകളും വ്യാജ അഡ്രസിൽ അയൽ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നവയോ സ്വദേശികളായ വ്യാജന്മാരോ ആണ്. നടപടികൾക്ക് വിധേയമായാൽ വിപണിയിൽനിന്ന് ഇവർ പിൻവലിക്കുന്ന ഉൽപന്നങ്ങളിൽ പലതും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും അവതരിക്കുകയാണ് പതിവ്.
പിടികൂടിയ ഭക്ഷ്യോൽപന്നങ്ങളിൽ എണ്ണയടക്കമുള്ളവ ഭക്ഷ്യേതര ഉൽപന്നങ്ങളാക്കാനെന്ന പേരിൽ കോടതിയിൽനിന്ന് അനുമതി സമ്പാദിക്കുന്നവർ പിന്നീടിവ എന്തുചെയ്യുന്നുവെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ല. പാലക്കാട് അടുത്തിടെ പിടികൂടിയ ഒരു ബ്രാൻഡിനെക്കുറിച്ച് അന്വേഷിച്ച് ചെന്ന ഉദ്യോഗസ്ഥർ ഞെട്ടി, മാസങ്ങൾക്ക് മുമ്പ് ഉടമ സറണ്ടർ ചെയ്ത ബ്രാൻഡിെൻറ പേരിൽ ഉൽപാദനവും വിതരണവും നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.
ഭക്ഷ്യസുരക്ഷ ഒാഫിസുകളിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ജില്ലയിലെ ഒാഫിസുകളിലെത്തിയ വിജിലൻസ് അധികൃതർ പല ഒാഫിസുകളിലും പരിശോധനക്ക് ആവശ്യമായ രജിസ്റ്ററുകൾ പോലുമില്ലാതെ കുഴങ്ങി. പലയിടത്തും പേരിന് പോലും പരാതികളോ രജിസ്റ്ററുകളോ ഇല്ല. നെന്മാറ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധന. വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ പതിവായി പരിശോധന നടത്താറുണ്ടെങ്കിലും തുടർനടപടികളില്ലെന്ന പരാതി വ്യാപകമായതോടെയായിരുന്നു വിജിലൻസ് പരിശോധന.
ഗുരുതര രോഗങ്ങൾക്കുവരെ കാരണമായേക്കാവുന്ന പഥാർഥങ്ങൾ കലർന്ന സാമ്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിരുെന്നങ്കിലും ഇവ കൃത്യസമയത്ത് പരിശോധനക്ക് അയക്കുന്നതിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നു. മായം കലർത്തിയ രീതിയിൽ പിടിച്ചെടുത്ത ഉത്പന്നങ്ങളുടെ ബ്രാൻഡുകൾ വിറ്റുപോകുന്നതിന് ഉദ്യോഗസ്ഥർ നാമമാത്ര തുടർനടപടികളിൽ പരിശോധന ഒതുക്കിയെന്നടക്കം ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.