പാലക്കാട്: ഡ്രൈവിങ് ലൈസൻസിനായി ജില്ലയിൽ കെട്ടികിടക്കുന്നത് 25000ത്തിലധികം അപേക്ഷകൾ. പുതുതായി അപേക്ഷിച്ചവരും ടെസ്റ്റിൽ തോറ്റവരുമെല്ലാം സ്ലോട്ട് കിട്ടാനുള്ള കാത്തിരിപ്പിലാണ്. നിലവിൽ പുതുതായി അപേക്ഷിച്ച 25 പേർക്കും നേരത്തെ ടെസ്റ്റിൽ തോറ്റ 10 പേർക്കും ഉൾപ്പെടെ 35 പേർക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത്. ഇതിൽത്തന്നെ പകുതി പേർ പോലും പാസാകാറില്ലെന്ന് പറയുന്നു.
വിദേശത്ത് പോകുന്നതിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് അഞ്ച് സ്ലോട്ട് റിസർവ് ചെയ്ത് വെക്കാറുണ്ട്. വിസയുടെ പകർപ്പും വിമാന ടിക്കറ്റും കാണിച്ചാണ് ഈ സ്ലോട്ടിൽ ആളെത്തുക. ഡ്രൈവിങ് സ്കൂളുകൾക്ക് ഇത് ലഭിക്കില്ല. ആരും വന്നില്ലെങ്കിൽ ഈ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കും. ഇത്തരത്തിൽ മിക്കദിവസങ്ങളിലും സ്ലോട്ടുകൾ ആർക്കും ഉപകാരമില്ലാതെ പോകാറുണ്ടെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു.
ഇരുചക്ര-നാലുചക്ര വാഹനങ്ങൾക്ക് ഒരുമിച്ച് ലേണേഴ്സിന് പുതുതായി അപേക്ഷിക്കാൻ 1455 രൂപയാണ് ചാർജ്. ഇതിൽ ലേണേഴ്സിന് പുറമേ ടെസ്റ്റ്, ലൈസൻസ് കാർഡ് പ്രിന്റിങ്, തപാൽ അയക്കൽ, സർവിസ് ചാർജ് എന്നിവയെല്ലാം ഉൾപ്പെടും. ലേണേഴ്സിന്റെ കാലാവധി ആറുമാസമാണ്.
അതിനുള്ളിൽ ടെസ്റ്റ് പാസായില്ലെങ്കിൽ പുതുക്കണം. ഒരു ദിവസത്തെ ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ലേണേഴ്സ് കാലാവധി കഴിഞ്ഞിട്ടും ടെസ്റ്റ് സ്ലോട്ട് കിട്ടാതെ പുതുക്കേണ്ട സ്ഥിതിയിലാണ് നിരവധി പേർ. ടെസ്റ്റിൽ തോറ്റവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനു മുമ്പ് പുതുതായുള്ള 80 പേരും തോറ്റവരും ഉൾപ്പെടെ 120 പേർക്ക് വരെ ഒരു ദിവസം ടെസ്റ്റ് നടത്തിയിരുന്നു.
ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ എന്നിവരടങ്ങുന്ന ഒരു യൂനിറ്റാണ് ടെസ്റ്റുകൾ നടത്തുക. സംസ്ഥാനത്തൊട്ടാകെ 86 ടെസ്റ്റിങ് ഗ്രൗണ്ടുകളാണുള്ളത്. ഇതിൽ പത്തെണ്ണം മാത്രമാണ് സർക്കാറിന് കീഴിലുള്ളത്. ബാക്കിയെല്ലാം സംഘടനകളും ഡ്രൈവിങ് സ്കൂളുകളും വാടക നൽകിയാണ് നടത്തുന്നത്. ജില്ലയിൽ മലമ്പുഴ ടെസ്റ്റ് ഗ്രൗണ്ട് ഇറിഗേഷൻ വകുപ്പ് സൗജന്യമായി നൽകിയതാണ്. ജില്ലയിലാകെ 228 ഡ്രൈവിങ് സ്കൂളുകളുണ്ട്.
നിത്യവും നിരവധി പേർ പുതുതായി ലൈസൻസിന് അപേക്ഷിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റ് തീയതി കിട്ടാൻ വൈകുന്നത് അപേക്ഷകരെ നിരാശരാക്കുന്നു. വരുമാനം കുറഞ്ഞതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ ജില്ലയിൽ മൂന്നാല് ഡ്രൈവിങ് സ്കൂളുകൾ പൂട്ടിയെന്നും ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.