പാലക്കാട്: മലപ്പുറം ജില്ലയിലെ ഊർജപ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് നടത്തിയ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയെ നിശിതമായി വിമർശിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ. സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത ഊർജപ്രതിസന്ധിയാണ് മലപ്പുറം, ഇടുക്കി ജില്ലകൾ അനുഭവിക്കുന്നതെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ കെ.എസ്.ഇ.ബി ഇരുട്ടിൽ തപ്പുകയാണെന്നും കമീഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.
15 ദിവസത്തിനകം മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള സമഗ്ര പദ്ധതി തയാറാക്കി അവതരിപ്പിക്കാൻ റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിൽ നടത്തിയ പരിശോധനയിൽ 2018 മുതലുള്ള ഹൈടെൻഷൻ കണക്ഷനുകൾ, ലൈനുകളുടെ അപര്യാപ്തത കാരണംപറഞ്ഞ് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയെന്ന് റെഗുലേറ്ററി കമീഷൻ വിശദീകരിച്ചു.
22 അപേക്ഷകളിലായി 8530 കെ.വി.എ ആവശ്യകതക്കുള്ള വൈദ്യുതി കൊടുക്കാനാകാതെ വന്നു. തിരൂർ പരിസരപ്രദേശങ്ങളിലെ 110 കെ.വി സബ്സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ മൂന്നെണ്ണം ശേഷിയിലെ 90 ശതമാനവും തീർന്നു. ബാക്കി രണ്ടെണ്ണം 80-90 ശതമാനം ഉപയോഗിച്ചിട്ടുണ്ട്. ഒരെണ്ണം 70-80 ശതമാനം ഉപയോഗിച്ച കൂട്ടത്തിലാണ്. ആവശ്യത്തിന് പ്രസരണ വിതരണ ലൈനുകളും സബ്സ്റ്റേഷനുകളും ഇല്ലാത്തത് കാരണം പുതിയ ഹൈടെൻഷൻ കണക്ഷനുകൾ നൽകാൻ സാധിക്കുന്നില്ല.
മാത്രമല്ല, വോൾട്ടേജ് ക്ഷാമവും വ്യാപകമാണ്. വിഷയം വിവിധ ഘട്ടങ്ങളിൽ റെഗുലേറ്ററി കമീഷന്റെ പരിഗണനയിൽ വന്നെങ്കിലും കൃത്യമായ നടപടിയോ വിശദീകരണമോ കെ.എസ്.ഇ.ബി നൽകിയില്ല. മാത്രമല്ല, പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടിപോലും കൈക്കൊണ്ടില്ല.
അടുത്ത അഞ്ചു വർഷത്തേക്കുള്ള വിതരണ-പ്രസരണ പ്രപ്പോസലിൽ മലപ്പുറം ജില്ലയിലെ വൈദ്യുതിപ്രശ്നം പരിഹരിക്കാനുള്ള പുതിയ സബ്സ്റ്റേഷൻ, ശേഷി വർധിപ്പിക്കൽ ഉൾപ്പെടെ നടപടികൾക്കായി ഒരു നീക്കവും നടത്തിയില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. സബ്സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടി ഫലം കണ്ടെത്താനാകാത്തതിൽ തുടർനടപടി കൈക്കൊള്ളുന്നതിൽ കെ.എസ്.ഇ.ബി വീഴ്ചവരുത്തിയതായി കമീഷൻ വിലയിരുത്തി. പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾക്ക് കെ.എസ്.ഇ.ബി വിധേയമാകണമെന്നായിരുന്നു റെഗുലേറ്ററി കമീഷന്റെ ആവശ്യം.
എന്നാൽ, വൈദ്യുതി നിയമപ്രകാരം വിശദീകരണം തേടലും അന്വേഷണ നടപടികളും ഉൾപ്പെടെ വിശദീകരിക്കുന്ന മറ്റ് സെക്ഷനുകൾ ഉണ്ടായിട്ടും കമീഷൻ സ്വമേധയാ 142 അനുസരിച്ച് പിഴശിക്ഷക്കുള്ള നടപടികൾ സ്വീകരിച്ചത് ഉചിതമായില്ലെന്ന് കെ.എസ്.ഇ.ബിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു. നോട്ടീസ് നൽകിയശേഷം നടപടികൾ കൈക്കൊള്ളാൻ മതിയായ സമയം നൽകിയില്ലെന്നും അദ്ദേഹം വാദിച്ചു. കമീഷൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച കെ.എസ്.ഇ.ബിക്ക് ഒന്നിലധികം തവണ സമയം അനുവദിച്ചിരുന്നെന്ന് കമീഷൻ അംഗം ബി. പ്രദീപ് വ്യക്തമാക്കി. വിശദമായ പദ്ധതിരേഖ സമർപ്പിക്കാൻ 15 ദിവസ സമയവും കമീഷൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.