പാലക്കാട്: ഇടവപ്പാതി അവസാനിക്കാറായിട്ടും ജില്ലയിലെ കർഷക മനസ്സിൽ ആശങ്കയുടെ കാർമേഘക്കൂട്ടം. തോട്, പുഴ, കുളം തുടങ്ങിയ ജലാശയങ്ങളിൽ പാടശേഖരങ്ങളിൽനിന്ന് കുത്തിയൊലിച്ച് കലങ്ങിമറിഞ്ഞ് വരുന്ന വെള്ളപ്പാച്ചിൽ ഇന്ന് പഴമക്കാരുടെ ഓർമകളിൽ മാത്രം അവശേഷിക്കുന്നു. ഒന്നാം വിള കാലവർഷത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിളയിറക്കിയവരും വിളയിറക്കാത്തവരുമായ കർക്ഷകർ കടുത്ത ആശങ്കയിലാണ്.
മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്കുകൾ ഒഴികെ പതിനൊന്ന് ബ്ലോക്കുകളിലായി ജില്ലയിൽ 35000 ഹെക്ടറിലാണ് ഒന്നാം വിള നെൽകൃഷിയിറക്കുന്നത്. ഇതുവരെ കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 10000 ഹെക്ടറിൽ ഒന്നാം വിളയിറക്കിയിട്ടുണ്ട്. ബാക്കി വയലുകൾ വിളയിറക്കാൻ കഴിയാതെ കർഷകർ തരിശിട്ടിരിക്കുകയാണ്. കുഴൽമന്ദം, മലമ്പുഴ ബ്ലോക്കുകളിൽ മാത്രമാണ് താരതമ്യേന കൂടുതൽ വിളയിറക്കാൻ കഴിഞ്ഞത്. ശ്രീകൃഷ്ണപുരം, ഷൊർണൂർ, തൃത്താല ബ്ലോക്കിൽ കുറഞ്ഞ ഹെക്ടറിൽ മാത്രമാണ് വിളയിറക്കിയിട്ടുള്ളത്. വിളയിറക്കിയ കർഷകരും ആകെ ആശങ്കയിലാണ്.
പാടശേഖരങ്ങളിൽ ഉയർന്ന കളശല്യമാണ്. വെള്ളം കെട്ടിനിർത്തി കള നശിപ്പിക്കാൻ കഴിയുന്നില്ല. വെള്ളമില്ലാത്തതിനാൽ കള വേരോടെ പിഴുത് മാറ്റാൻ പറ്റുന്നില്ല. യഥാസമയത്ത് വളപ്രയോഗത്തിനും കഴിയുന്നല്ല. പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് വിളയിറക്കുന്നതിനാൽ വിളവെടുപ്പിനെയും ഇവ സാരമായി ബാധിക്കും. ഏകീകരിച്ച് വിളവടുപ്പ് നടത്താൻ കഴിയാത്തത് കൊയ്ത്തുയന്ത്രത്തിന്റെ സഞ്ചാരത്തെ ബാധിക്കും. മാത്രമല്ല നെൽചെടികളിലെ പരാഗണം, കീടശല്യം തുടങ്ങിയവയും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇനിയും വിളയിറക്കാത്ത കർഷകർക്ക് മഴ കനിഞ്ഞാൽ പോലും മറ്റ് രീതികൾ സ്വീകരിക്കേണ്ടിവരും. പലരും നടീലിനായി തയാറാക്കിയ ഞാറ്റടികൾ കാലാവധി കഴിഞ്ഞിട്ടുള്ളതാണ്. ഇവ പറിച്ച് നടാൻ കഴിയില്ല. ചിലയിടത്ത് ജലാശയങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് കൃഷിപ്പണി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.