പാലക്കാട്: പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ ഒന്നാംവിളയ്ക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ ഒന്നാം വിളയ്ക്ക് സാധാരണ പൊടിവിത നടത്തിയാണ് കൃഷിയിറക്കുന്നത്. എന്നാൽ, താളംതെറ്റി പെയ്ത മഴ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഈ പ്രാവശ്യം കൃഷിയറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. വയലുകളിൽ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ നിലം ഒരുക്കി നടീൽ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.
എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ മഴക്ക് ശമനം വന്നതോടെ കൃഷിപണികൾ സജീവമായി. പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് നടീലിനുള്ള ഒരുക്കം തകൃതിയായത്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നേരത്തേ ഭൂരി ഭാഗം കർഷകരും പൊടിവിതയായി കൃഷിയിറക്കി.
135 ദിവസം കാലാവധിയുള്ള ഉമ നെൽവിത്താണ് ഒന്നാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഒന്നാം വിള നെൽകൃഷി ഏകീകൃതമായി ചെയ്യാൻ ഉമ നെൽവിത്ത് ഉപയോഗിച്ച് ഞാറ്റടി തയാറാക്കാൻ കൃഷിവകുപ്പും നിർദേശം നൽകിയിരുന്നു. ജ്യോതി, കാഞ്ചന വിത്തുകളും ചിലയിടത്ത് ഉപയോഗിക്കുന്നുണ്ട്. 120 ദിവസമാണ് ഈ വിത്തുകളുടെ കാലാവധി. പതിവുപോലെ ഡാമുകൾ ജലസമൃദ്ധിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിക്കാനും വിള ഇറക്കാനുള്ള താൽപര്യം വർധിക്കാനും ഇടയാക്കിയിട്ടുണ്ട്. രണ്ടാം വിള ശരാശരി ജില്ലയിൽ 35000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.